എന്താണ് തിരയേണ്ടത്?

Wednesday, 6 January 2021

കർമൂസ

കവിത / സുജീഷ്
കർമൂസ കവിത

വാടകവീടിന്റെ തൊടിയിൽ
നിറയെ കർമൂസകൾ.
പച്ചക്കർമൂസ ഉപ്പിട്ടുപ്പുഴുങ്ങി
വിശപ്പകറ്റി ഞങ്ങൾ.

'കഴിച്ചോ'യെന്ന ചോദ്യത്തിനെന്നും
'ഉം' എന്നുത്തരം
'കൂട്ടാനെന്തെ'ന്നതിനെപ്പോഴും
'കർമൂസ'യെന്നും.

നോമ്പുകാലം, അയൽവക്കത്തെ
ഇത്തമാരുടെ കൈപ്പുണ്യത്തിൽ
ഞങ്ങളുടെ പള്ള നിറയും,
സകാത്ത് കൊണ്ട് വീട് നിറയും.

പെരുന്നാള് കഴിഞ്ഞ് ഒന്നുരണ്ടാഴ്ച
കർമൂസ ചെടിയിൽ നിന്നുപഴുക്കും
കിളി കൊത്തിത്തുടങ്ങുമ്പോളത്
പറിച്ചു ഞങ്ങൾ ഫേഷ്യല് ചെയ്യും.
Share:  

കവിതകൾ →

തരം

Copyright © Sujeesh