റസ്സൽ എഡ്സൺ കവിതകൾ

റസ്സൽ എഡ്സൺ
റസ്സൽ എഡ്സൺ (1935 - 2014)

കല്ല് ആരുടേതുമല്ല


ഒരാൾ ഒരു കല്ലിനെ പതിയിരുന്നാക്രമിച്ച് കൈക്കലാക്കി. ഇരുട്ടുമുറിയിൽ തടവിലിട്ടു. തന്റെ ശിഷ്ടകാലം മുഴുവൻ അതിനു കാവൽ നിന്നു.

എന്തിനാണ് ഇതെന്ന് അയാളുടെ അമ്മ ചോദിച്ചു.

അതിനെ പിടിച്ച് അടിമയാക്കിയതാണെന്നും അത് കീഴടക്കപ്പെട്ടതാണെന്നും അയാൾ പറഞ്ഞു.

നോക്ക്, കല്ല് ഉറക്കത്തിലാണ്, അമ്മ പറഞ്ഞു, താനൊരു പൂന്തോട്ടത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നൊന്നും അതറിയാൻ പോകുന്നില്ല. നിത്യതയും കല്ലും അമ്മയും മകളുമാണ്; പ്രായമേറുന്നത് നിനക്കാണ്, കല്ല് ഉറങ്ങുക മാത്രമാണ്.

പക്ഷേ അമ്മേ, ഞാനതിനെ കൈക്കലാക്കിയതാണ്. പിടിച്ചടക്കപ്പെട്ടതോടെ അത് എന്റേതായിരിക്കുന്നു, അയാൾ പറഞ്ഞു.

കല്ല് ആരുടേതുമല്ല, എന്തിന് അത് അതിന്റേതുപോലുമല്ല, ഇവിടെ കീഴടക്കപ്പെട്ടിരിക്കുന്നത് നീയാണ്. തടവിലുള്ളതിനെയും ആലോചിച്ചിരിക്കുന്നത് നീയാണ്, അത് നീ തന്നെയാണ്, പുറത്തുപോകാൻ പേടിയുള്ളത് നിനക്കാണ്, അമ്മ പറഞ്ഞു.

അതെയതെ, എനിക്കു പേടിയാണ്, കാരണം നിങ്ങളൊരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ, അയാൾ പറഞ്ഞു.

അത് ശരിയാ, കല്ല് നിന്നോട് എങ്ങനെയാണോ അതേമട്ടിലായിരുന്നു നീ എല്ലായിപ്പോഴും എന്നോട്, അമ്മ പറഞ്ഞു.


വീഴ്ച


തനിക്കു കിട്ടിയ രണ്ട് ഇലകൾ നീട്ടിപ്പിടിച്ച് വീട്ടിനകത്തേക്ക് കയറിവന്ന് താനൊരു മരമാണെന്ന് അച്ഛനമ്മമാരോട് പറഞ്ഞൊരാൾ ഉണ്ടായിരുന്നു.

അങ്ങനെയെങ്കിൽ മുറ്റത്തേക്ക് പോകണമെന്നും സ്വീകരണമുറിയിൽ നിന്നുവളരേണ്ടേന്നും നിന്റെ വേരുകൾ തറവിരി കേടാക്കുമെന്നും അവർ പറഞ്ഞു.

താനൊരു തമാശ പറഞ്ഞതാണെന്നും താൻ മരമല്ലെന്നും പറഞ്ഞ് അയാൾ ഇലകൾ നിലത്തിട്ടു.

എന്നാൽ അച്ഛനുമമ്മയും പറഞ്ഞു: നോക്ക് ഇലകൾ കൊഴിയുന്നു.


മുല


ഒരു രാത്രി ഒരു സ്ത്രീയുടെ മുല ഒരാണിന്റെ മുറിയിലേക്ക് കടന്നുച്ചെന്ന് തന്റെ ഇരട്ടസഹോദരിയെപ്പറ്റി സംസാരിക്കാൻ തുടങ്ങി.

തന്റെ ഇരട്ട സഹോദരി അതാണ്, തന്റെ ഇരട്ടസഹോദരി ഇതാണ്.

ഒടുവിൽ അയാൾ ചോദിച്ചു, പ്രിയ മുലേ, നിന്നെക്കുറിച്ച് എന്തുണ്ട് പറയാൻ?

പിന്നെ രാവ് തീരുവോളം മുല തന്നെപ്പറ്റി പറഞ്ഞു.

സഹോദരിയെപ്പറ്റി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയായിരുന്നു: അവൾ ഇതാണ്. അവൾ അതാണ്.

ഒടുവിൽ അവളുടെ മുലഞെട്ടിൽ ഉമ്മവെച്ച് അയാൾ പറഞ്ഞു, എന്നോട് ക്ഷമിക്കൂ. പിന്നെ അയാൾ ഉറക്കത്തിലേക്കു വീണു.


കളിപ്പാട്ടമുണ്ടാക്കുന്നയാൾ


കളിപ്പാട്ടമുണ്ടാക്കുന്നയാൾ ഒരു കളിപ്പാട്ടഭാര്യയെയും കളിപ്പാട്ടക്കുഞ്ഞിനെയും ഉണ്ടാക്കി.

പ്രായമേറുന്നൊരു കളിപ്പാട്ടവും ചത്തുകൊണ്ടിരിക്കുന്നൊരു കളിപ്പാട്ടവും അയാൾ ഉണ്ടാക്കി.

കളിപ്പാട്ടസ്വർഗവും കളിപ്പാട്ട ദൈവത്തെയും ഉണ്ടാക്കി.

എന്നിരുന്നാലും, മറ്റെല്ലാത്തിനുമുപരി, തീട്ടക്കളിപ്പാട്ടം ഉണ്ടാക്കാനായിരുന്നു അയാൾക്ക് ഇഷ്ടം.


ദാർശനികർ


ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട് എന്ന് അയാൾ പറഞ്ഞതിനു പിന്നാലെ അയാളുടെ അമ്മ അയാളുടെ തലയ്ക്കടിച്ചു, എന്നിട്ട് പറഞ്ഞു, ഞാൻ എന്റെ മകന്റെ തലയ്ക്കടിച്ചു അതിനാൽ ഞാൻ ഉണ്ട്.

എയ് ഇതല്ല ഇതല്ല, അമ്മയെല്ലാം തെറ്റായി ധരിച്ചിരിക്കുകയാണെന്നും പറഞ്ഞ് അയാൾ അലറി.

അമ്മ ഒരിക്കൽക്കൂടി അയാളുടെ തലയ്ക്കടിച്ചു, എന്നിട്ട് അതിനാൽ ഞാൻ ഉണ്ടെന്ന് അലറിപ്പറഞ്ഞു.

നിങ്ങളല്ല, അങ്ങനെയല്ല; നിങ്ങൾ ചിന്തിക്കുകയാണ് വേണ്ടത്, അടിക്കുകയല്ല, അയാളും അലറി.


...ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട്, അയാൾ പറഞ്ഞു.
ഞാൻ അടിക്കുന്നു, അതിനാൽ നമ്മൾ രണ്ടുപേരുമുണ്ട്, അടിക്കുന്നയാളും അടി കൊള്ളുന്നയാളും, അയാളുടെ അമ്മ പറഞ്ഞു.

ഇപ്രാവശ്യം അയാൾ ബോധരഹിതനാകുകയായി; വെളിവില്ലാത്തതിനാൽ അയാൾക്ക് ചിന്തിക്കാനായില്ല. എന്നാൽ അമ്മയ്ക്ക് ചിന്തിക്കാനായി, ഞാനുണ്ട് അതിനാൽ വെളിവില്ലാത്ത എന്റെ മകനും, അവനത് അറിയുന്നില്ലെങ്കിൽക്കൂടിയും...


റസ്സൽ എഡ്സൺ (ഡിസംബർ 12, 1928 – ഏപ്രിൽ 29, 2014): അമേരിക്കൻ എഴുത്തുകാരൻ. 1960കൾ മുതൽ കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. The Brain Kitchen: Writings and Woodcuts (1965), The Clam Theatre (1973), The Wounded Breakfast: Ten Poems (1985), The Tormented Mirror (2001), The Rooster’s Wife (2005), See Jack (2009) എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. അമേരിക്കൻ ഗദ്യകവിതയുടെ തലതൊട്ടപ്പൻ എന്ന് അറിയപ്പെടുന്നു.