![]() |
അഡ്രിയൻ റിച്ച് |
നിന്റെ ശരീരം എന്റേതിനെ പിന്തുടരും.
മൃദുലം, ലോലം നിന്റെ പ്രേമചേഷ്‌ട—
കാടുകളിൽ വെയിൽ കഴുകിവിട്ടപാടേനിൽക്കും
പന്നൽച്ചെടികളുടെ പാതിചുരുണ്ട ഇലമടൽ പോലെ.
നിന്റെ ഏറെ സഞ്ചരിച്ച, ഉദാരമാം തുടകൾ,
അതിനിടയിലേക്ക് വീണ്ടും വീണ്ടും
വന്നുകൊണ്ടിരിക്കുന്ന എന്റെ മുഖം,
നാവ് അവിടെ കണ്ടെടുത്തയിടത്തിന്റെ
നിഷ്‌ക്കളങ്കതയും സാമർത്ഥ്യവും;
വായിൽ നിന്റെ മുലഞെട്ടുകളൂടെ
ജീവസ്സുറ്റ, ആർത്തിമൂത്ത ചാഞ്ചാട്ടം;
എനിക്കുമേൽ നിന്റെ സ്പർശം:
ദൃഢം, സുരക്ഷിതം, തേടിപ്പിടിക്കൽ;
നിന്റെ കരുത്തുറ്റ നാവും
ലോലമാം വിരലുകളും അവിടേക്കെത്തുന്നു—
കാലങ്ങളായി ഞാൻ നിനക്കായി
കാത്തിരിക്കുകയായിരുന്നയിടത്തേക്ക്,
എന്റെ നനഞ്ഞ ഇളംചുവപ്പ് മടയിലേക്ക്.
എന്തുതന്നെയായാലും, ഇത്!
അഡ്രിയൻ റിച്ച് (1929-2012): അമേരിക്കൻ കവി. ഫെമിനിസ്റ്റ്. ഇരുപതാം നൂറ്റാണ്ടിനൊടുവിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിൽ ഒരാൾ.