ബ്ലോക്കിനുള്ള കവിത (ആദ്യ ഭാഗം) — മറീന സ്വെറ്റേവ

മറീന സ്വെറ്റേവ
മറീന സ്വെറ്റേവ

നിന്റെ നാമം—എന്റെ കൈക്കുള്ളിലെ കിളി,
എന്റെ നാവിലെ ഹിമശകലം.
ചുണ്ടിന്റെ പൊടുന്നനെ തുറക്കൽ.
നിന്റെ നാമം—അഞ്ച് അക്ഷരങ്ങൾ*.
പറക്കവേ പിടിക്കപ്പെട്ട ചെറുപന്ത്,
എന്റെ വായിലെ വെള്ളി മണി.

നിശ്ചലതടാകത്തിലേക്ക് എറിഞ്ഞ
കല്ലാണ് നിന്റെ നാമത്തിൻ ഉച്ചാരണം.
രാത്രിയിലെ പതിഞ്ഞ കുളമ്പടിയൊച്ച.
എന്റെ സന്നിധിയിൽ നിന്റെ നാമം—
കാഞ്ചിവലിച്ച തോക്കിൻ കനത്ത ഒച്ച.

നിന്റെ നാമം—വിലക്കപ്പെട്ടത്—
എന്റെ കൺകൾക്ക് മേലുള്ള ചുംബനം,
അടഞ്ഞ കൺപോളകളുടെ വിറയൽ.
നിന്റെ നാമം—മഞ്ഞിന്റെ ചുംബനം.
അരുവിയിലെ ഒരുകവിൾ തണുത്ത ഇളംനീലജലം.
നിന്റെ നാമത്താൽ—ഉറക്കത്തിനു ആഴമേറുന്നു.

[ഏപ്രിൽ 15, 1916]

മറീന സ്വെറ്റേവ (1892-1941): ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട റഷ്യൻ കവികളിൽ ഒരാൾ. റഷ്യൻ സിംബോളിസ്റ്റ് കവിയായ അലക്സാണ്ടർ ബ്ലോക്കിനായി എഴുതിയ കവിതയാണ് ഇത്. 

*റഷ്യൻ വിപ്ലവത്തിനു മുമ്പുള്ള ഭാഷാശൈലിയിൽ ബ്ലോക്ക് എന്ന് എഴുതുന്നതിൽ അഞ്ച് അക്ഷരങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അവസാനത്തെ ഹാർഡ് സൈൻ ഉപേക്ഷിച്ച് നാലു അക്ഷരമാകുകയായിരുന്നു.