പുല്ല് — കാൾ സാൻഡ്ബർഗ്

കാൾ സാൻഡ്ബർഗ്
കാൾ സാൻഡ്ബർഗ്

ഓസ്റ്റർലിറ്റ്സിലും വാട്ടർലൂവിലും ശവങ്ങൾ അട്ടിയിടുക.
അവയ്ക്കുമേൽ മണ്ണ് കോരിയിടുക,
ഇനിയെന്നെ എന്റെ പണിയെടുക്കാൻ വിടുക—
        ഞാൻ പുല്ല്, ഞാനെല്ലാം മൂടിവെക്കുന്നു.

ഗെറ്റിസ്ബർഗിലും വൈപ്രസ്സിലും
വെർഡൂണിലും ശവങ്ങൾ കൂട്ടിയിടുക
അവയ്ക്കുമേൽ മണ്ണിടുക,
        എന്നെ എന്റെ പണിയെടുക്കാൻ വിടുക.

രണ്ട് വർഷം, പത്ത് വർഷം
പിന്നെ യാത്രക്കാർ കണ്ടക്റ്ററോട് ചോദിക്കുകയായി:
        'ഇതേതാണ് സ്ഥലം?'
        'നാമിപ്പോൾ എവിടെയാണ്?'

ഞാനാണ് പുല്ല്,
എന്നെ എന്റെ പണിയെടുക്കാൻ വിടുക.

കാൾ സാൻഡ്ബർഗ് (1878–1967): അമേരിക്കൻ കവിയും ജീവചരിത്രകാരനും പത്രപ്രവർത്തകനും എഡിറ്ററുമായിരുന്നു. മൂന്ന് പുലിറ്റ്സർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.