കാട്ടിൽ ഞാൻ പോകുന്നവിധം — മേരി ഒലിവർ

മേരി ഒലിവർ
മേരി ഒലിവർ

കാട്ടിൽ തനിയെ പോകുന്നു ഞാൻ,
കൂട്ടരിലൊരാളെയും കൂട്ടാതെ;
കളിചിരിയും പറച്ചിലുമായി കഴിയു
മവർ കാടിനുചേരില്ലെന്നിരിക്കെ.

കിളികളോട് മിണ്ടും മരങ്ങളെ പുൽകും
എന്നെയാരും കാണാതിരിക്കട്ടെ.
ധ്യാനിക്കുവാൻ എനിക്കുണ്ട് ഒരു വഴി,
നിങ്ങൾക്ക് നിങ്ങളുടേതെന്നപോലെ.

തനിച്ചെന്നാൽ ആരുമേ 
കാണില്ലെന്നുമാകാം.

മൺതിട്ടമേൽ പാഴ്ച്ചെടികളെന്നപോൽ
ഇരിക്കാമെനിക്ക്, നിശ്ചലം,
ഞാനിരിപ്പില്ലവിടെയെന്നോണം
കുറുനരികൾ പോകുവോളം.
കേൾക്കാം, പൂവുകൾ പാടുന്നതിൻ
കേൾവിപ്പെടാത്തൊരീണം.

കാട്ടിൽ എനിക്കൊപ്പം വന്നുവെങ്കിൽ
നിങ്ങൾ എനിക്കേറെ പ്രിയമുള്ളയാൾ.

*സ്വതന്ത്ര പരിഭാഷ