അഭിപ്രായങ്ങൾ

പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കുകളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. നിഴലും വെളിച്ചവും മണ്ണും വെള്ളവും കാടും കനവും ശബ്ദവും നിശബ്ദതയും ഓരോ ഇടങ്ങൾ ഉണ്ടാക്കുന്നു. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. ഒറ്റയ്ക്കു കഴിഞ്ഞ ഒരാൾ മരിച്ചതോടെ ഒഴിഞ്ഞുകിടക്കുന്ന വീടിനെപ്പറ്റിയുള്ള കവിതയിൽ, കാതോർത്താൽ വിജനതയുടെ മിടിപ്പുകൾ കേൾക്കാം. തുറന്നുകിടക്കുന്ന ജനാല ഒഴിഞ്ഞ വീടിനെയും കൊണ്ടു പറക്കാൻ പോകുകയാണെന്നു കവി പറയുന്നതു മിടിപ്പുകൾ ഒരു ചിറകടി പോലെ തോന്നിയിട്ടാവണം. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.

— അജയ് പി. മങ്ങാട്ട്, എഴുത്തുകാരൻ

വീട്ടില്‍ ഒതുങ്ങാനിഷ്ടപ്പെടാത്ത ഒരു വൃക്ഷമാണ് സുജീഷിന്റെ കവിത. അത് ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മഴ, വെയില്‍, നിഴല്‍, കുന്ന്, മേഘം, , മണ്ണ്, വൃക്ഷം, ഇല, വേര്, കാട്, വാക്ക്, ഒച്ച, ജനല്‍, കണ്ണാടി, ജലം, മീന്‍ - ഇതെല്ലാം അതിന്റെ അക്ഷരങ്ങള്‍. ഒച്ചയാകാനാകാത്ത വാക്കുകള്‍, മജീഷ്യന്റെ തൂവാല കണക്കേ ലോകത്തെ മൂടുന്ന അഥവാ കുന്നുകള്‍ക്കിടയില്‍ കരിമ്പൂച്ച പോലെ ചുരുണ്ടു കൂടുന്ന, രാത്രി, എത്ര വെള്ളം കുടിച്ചിട്ടും ദാഹമടങ്ങാതെ മറുലോകം തേടുന്ന വെയില്‍, ശ്മശാനത്തിലെ കല്ലറകള്‍ പോലെ കുന്നിന്‍ ചെരിവില്‍ വീടുകള്‍, ഇരുട്ട് നക്കി നീക്കുന്ന മെഴുകുതിരി നാളം പോലുള്ള നാവ്, മനസ്സ് മരുഭൂമിയും ശരീരം സമുദ്രവുമായ മഴ, താരുണ്യത്തിലെ ചുംബനങ്ങളോര്‍ക്കുന്ന ചുളി വീണ മുഖത്തെ മോണയുടെ ചിരി, പരസ്പരം വായിക്കുന്ന പുസ്തകങ്ങള്‍, നഗരങ്ങളുടെ കറുത്ത നദികളായി മൊഴിമാറ്റം ചെയ്യപ്പെടുന്ന റോഡുകള്‍-ഇതെല്ലാം അതിന്റെ ചിഹ്നങ്ങള്‍. 'ഓരോ വാതിലും പൂട്ടുമ്പോള്‍ രണ്ടു തടവറകള്‍ ഉണ്ടാകുന്നു'- ഇത് അതിന്റെ ജ്ഞാനം, പൂര്‍ത്തിയാകുമ്പോഴാണോ, പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോഴാണോ കവിത ഉപേക്ഷിക്കേണ്ടി വരുന്നത്? - ഇത് അതിന്റെ ചോദ്യം. കവിത ഭാഷയില്‍ തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

— കെ. സച്ചിദാനന്ദൻ, കവി

നിശബ്ദമായ സംഗീതം കവിതയിൽ സൃഷ്ടിക്കുന്ന സുജീഷ് വ്യത്യസ്തനാണ്. പദച്ചേർച്ച, താളം, ഈണം, ദൃശ്യപരത, മിതത്വം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന കവിതകൾ. പ്രകൃതി മുമ്പില്ലാത്ത വിധം സൂക്ഷ്മമായി വിന്യസിക്കപ്പെടുന്നു.

— എസ്. ജോസഫ്, കവി

നാമറിയുന്ന കാഴ്ചകളാണ്. നാം വായിച്ച ലോകങ്ങളാണ്. നാം നടന്ന വഴികളാണ്. എന്നാല്‍, സുജീഷിന്റെ കവിതകളില്‍ എത്തുമ്പോള്‍ ആ ലോകങ്ങള്‍ അപരിചിതമായ അനുഭവങ്ങളുടെ ചിറകു വിരിക്കുന്നു. സൂചിമുനപോലെ അനുഭവങ്ങളുടെ കാമ്പു തൊടുന്നു. പുറത്തുനിന്നുള്ള കാഴ്ചയുടെ ഏകതാനതയല്ല. ആഴങ്ങള്‍ തൊടുന്ന സൂക്ഷ്മദര്‍ശനമാണ് അത്. ഇളക്കമില്ലാത്ത നദിയിലൂടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന അനുഭവം. ഇവിടെ ഭാഷയും ആഖ്യാനവുമെല്ലാം അതേ മൂര്‍ച്ചയോടെ ജലോപരിതലം മുറിച്ച് അഗാധതകള്‍ തൊട്ടറിയുന്നു. ഒരു സ്‌കൂബ ഡൈവറുടെ ധ്യാനാത്മകതയോടെ അനുഭവങ്ങളുടെ അവസാനത്തെ അടരുമടര്‍ത്തുന്നു. മൗനത്തിന്റെ, വെയിലിന്റെ, സ്വപ്‌നത്തിന്റെ, ഏകാന്തതയുടെ, തുളുമ്പലിന്റെ, വരള്‍ച്ചയുടെ, അഭാവങ്ങളുടെ, സാന്നിധ്യത്തിന്റെ, മുറിവിന്റെ, ആനന്ദത്തിന്റെ ഏറ്റവും സൂക്ഷ്മമായ കോശങ്ങളെ കവിതയുടെ സൂക്ഷ്മദര്‍ശിനി കാട്ടിത്തരുന്നു.

— എഷ്യാനെറ്റ് ന്യൂസ്