സുജീഷിന്റെ കവിതകൾ

സുജീഷിന്റെ കവിതകൾ

അന്ന്, കളി കഴിഞ്ഞ്,
നീ തൊലി ചെത്തിത്തന്ന
ആപ്പിൾ കഴിച്ചുകൊണ്ട്
ഞാൻ വായിക്കാനിരുന്നു.

കുളി കഴിഞ്ഞ്,
ടവ്വൽ ചുറ്റിക്കൊണ്ട്
നീ എനിക്കരികിലൂടെ പോയി
കണ്ണാടിക്ക് മുന്നിൽനിന്നു.
ടവ്വലഴിച്ചിട്ട്, മുലകളുടെ മേൽ
എന്റെ കടികൊണ്ടുണ്ടായ
ചുവപ്പിൽ തൊട്ടും തലോടിയും
നോക്കാൻ തുടങ്ങി,

ഞാൻ നിന്നെ ശ്രദ്ധിക്കുന്നെന്ന്
കണ്ണാടിയിൽക്കണ്ട ഉടനെ
നീ കൈ പൊത്തി മറച്ചു —
മുലകളല്ല— മുഖം.

ഇന്നിപ്പോൾ, കുളി കഴിഞ്ഞ് നീ
നൂൽബന്ധമില്ലാതെ വീടിനുള്ളിൽ
അങ്ങോളമിങ്ങോളം നടക്കുന്നു,
ഞാനൊരാൾ ഇവിടെ
ഇല്ലാത്തതുപോലെ.

അല്ലാ, ഇനി ശരിക്കും ഞാൻ
ഇവിടെ ഇല്ലെന്നുണ്ടോ, അതോ
ഇല്ലാത്തത് നീയാകുമോ?

കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയവഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.

താഴ്‌വരയിൽ
മുഖം പൂഴ്ത്തിക്കിടന്നു
രാത്രി,

ഇരുട്ടിനെ നക്കിനീക്കി
വെളിച്ചം പരത്തുന്ന
മെഴുകുതിരിനാളം പോലെ
എന്റെ നാവ്.

പാതിവെളിവിലും
പാതി ഇരുളിലുമായ മുഖം
മുലകൾക്കിടയിലൂടെ കണ്ടു.

തുടകൾ കൊണ്ട്
അവളെന്റെ കാതുകളടച്ചു.

വിയർത്തൊലിച്ച് രാവൊടുങ്ങി,
പുലരിയിലതാ നനഞ്ഞു
നിൽക്കുന്നു ശംഖുപുഷ്പം.

ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
മരിച്ചതിൽപ്പിന്നെ
ഒഴിഞ്ഞുകിടക്കും വീട്,

തുറന്നുകിടക്കും ജനൽ
കടത്തിവിടും വെയിൽ
വരച്ചിടുകയാണു അകച്ചുവരിൽ
വരുംവഴി മുന്നിൽപ്പെട്ട
ഇലയില്ലാചില്ലതൻ നിഴൽ

കാറ്റേറും നേരങ്ങളിൽ
വീടുമായി പറന്നുയരാൻ നോക്കും
ചിറകടിയുമായി ജനൽപ്പാളികൾ.

നിശബ്ദത തിങ്ങും മുറിക്കുള്ളിൽ
പൊടിപുതച്ചുറങ്ങും പുസ്തകങ്ങളിൽ
ഒച്ചയാകാനാവാതെ വാക്കുകൾ.

മജീഷ്യന്റെ കറുത്ത തൂവാല കണക്കെ
രാത്രി ലോകത്തെ മൂടുമ്പോൾ

ഇരുട്ടിൽ തുറന്ന കണ്ണായ്
തുറന്നുകിടക്കും ജനൽ,
അടച്ചിടുന്നതാരതിൻ
പാളികൾ— അയാളുടെ
കൺപോളകളെന്ന പോലെ.

അസ്തമയസൂര്യനുനേരെ
ഒരുകൂട്ടമാളുകൾ
നിഴലും വലിച്ചു നടന്നുനീങ്ങി,

അവർക്കു പുറകെപോയ
പകലിന്റെ നിഴലിൽ
ഈ നാടിപ്പോൾ,

നാലുപാടുനിന്നും വെട്ടംവിതറും
രാത്തെരുവിൻ നടുവിൽ ഞാൻ നിന്നു;
വെളിച്ചത്താൽ നേർത്ത എന്റെ നിഴൽ
നാലുദിക്കിലേക്കും വീണു.

തെരുവുതിരക്കിൽ നിന്നകന്ന്,
വഴിവിളക്കിൻ കീഴെ
തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ
കിടന്നുറങ്ങുന്നുണ്ടൊരാൾ.

ഉറക്കംവിട്ടയാൾ ഉണരുംനേരം,
ഇരുട്ടു തൂത്തുവാരിയെത്തും
വെയിലിനെ പേടിച്ച്,
ഇക്കാണുന്നവയെയെല്ലാം
മറയാക്കിയൊളിക്കും നിഴലുകൾ.

ഏറെനിലകളുള്ളൊരു ഫ്ലാറ്റിൽ
ഏതോനിലയിലൊരുമുറിയിൽ
ഏറെക്കാലമായൊരേ
പുസ്തകം വായിച്ചുകിടക്കും
വൃദ്ധനുറങ്ങിപ്പോകുന്നു.
ഉറക്കമുണരുമ്പോളെന്തോരം
വായിച്ചെന്നോർക്കാനാവാതെ
വീണ്ടും വായിച്ചുതുടങ്ങുന്നു.

ചിലനേരങ്ങളിലയാൾ
ചില്ലുജാലകത്തിലൂടെ
പുറത്തേക്കു നോക്കിനിൽക്കും.
ദൂരെ മൊട്ടക്കുന്നിനുച്ചിയിൽ
മെയ്മാസം കൈവിട്ട
മരത്തിലിലയില്ലായ്മ
പരിഹരിക്കാനെന്നോളം
ചില്ലകളിൽ ചേക്കേറുന്ന
മേഘങ്ങൾ കാണും

പോകപ്പോകെ നോട്ടം
ജാലകച്ചില്ലിൽ തന്നെയാകും
നോക്കിനോക്കിനിൽക്കേ
ജാലകച്ചില്ലിൽ
തന്നെത്തന്നെ കണ്ടുമുട്ടും.
കമിതാക്കളെഴുന്നേറ്റു പോകെ
ചുളിഞ്ഞു കിടക്കും
കിടക്കവിരി പോലെ
ചുക്കിച്ചുളിഞ്ഞ മുഖം കാണേ
എത്രയെത്ര പെണ്ണുങ്ങൾ
ചുംബിച്ചതാണീ മുഖത്തെന്നോർത്ത്
പല്ലില്ലാമോണകാട്ടി ചിരിക്കും.

ഇല്ല, കുടിച്ചിരിക്കില്ല
വെയിൽ കുടിച്ചിടത്തോളം
വെള്ളമാരും.

ഈർപ്പത്തെ മാത്രം വലിച്ചെടുത്ത്
വിയർപ്പിന്റെ ഉപ്പിനെ,
കണ്ണീർപാടുകളെ,
രക്തക്കറയെ ഉപേക്ഷിച്ച്
വരൾച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയിൽ.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാതെ വെയിൽ
മറുലോകംതേടിപ്പോകുന്നു;
ഇവിടം ഇരുളിലാകുന്നു.

ഒരു താൾ മറിക്കുംപോലെ ഓരോ ദിവസവും കടന്നുപോകുന്നു. ഒരു പുസ്തകം വായിച്ചു മടക്കിവെക്കും പോലെ ഓരോരോ മനുഷ്യരും. പുസ്തകങ്ങൾ ചിലപ്പോൾ നമ്മെ കൂടുതൽ അസ്വസ്ഥരാക്കുന്നു. സന്തോഷം മാത്രമല്ല സന്തോഷമെന്നു നാമറിയുന്നു.

ഒരൊറ്റ പുസ്തകം കണ്ടെത്താൻ അനേകം പുസ്തകങ്ങൾ നാം വായിച്ചുകൂട്ടുന്നു. ആ ഒരൊറ്റ പുസ്തകത്തിലേക്കാകട്ടെ എളുപ്പവഴിയില്ല. ഏതു പുസ്തകത്തിൽ തുടങ്ങിയാലും അടുത്തതാകാം അടുത്തതാകാം അതെന്ന തേടലുമായി നാം വായന തുടരുന്നു. അങ്ങനൊരു പുസ്തകം കണ്ടെത്താനാകാതെ കുഴങ്ങുന്നു.

ചിലർ ഒന്നുമെഴുതാത്ത പുസ്തകം തിരഞ്ഞെടുക്കുന്നു. കിട്ടാനും കൊടുക്കാനുമുള്ള കടങ്ങൾ കൊണ്ട് അവരിൽ ചിലരുടെ താളുകൾ നിറയുന്നു. ചുരുക്കം ചിലർ താൻ തേടുന്ന പുസ്തകം എഴുതിയുണ്ടാക്കുന്നു.

എഴുതപ്പെട്ട വാക്കുകൾക്ക് ഓരോരുത്തരും അവരുടെ ശബ്ദം നൽകുന്നു. പുസ്തകങ്ങൾ അടച്ചുവെക്കുമ്പോൾ, ചുവരുകൾ പോലെ പുറംചട്ടകൾ. അടുത്തടുത്തായുള്ള താളുകളിൽ വാക്കുകൾ മുഖാമുഖം നോക്കി ചേർന്നുകിടക്കുന്നു.

ഒരു പുസ്തകത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. എന്നാൽ തന്നോട് അടുക്കുന്ന മനുഷ്യനെ ആയുധമാക്കാൻ പുസ്തകങ്ങൾക്കാകുന്നു. അലമാരയിൽ വൃത്തിയിൽ അടുക്കിവെച്ച പുസ്തകങ്ങൾ നോക്കൂ, നിങ്ങളിലൂടെ അവ പരസ്പരം വായിക്കുന്നു.

വന്തംകാലിൽ നിൽക്കുന്നൊരു
സമയം വരും. ഇനിയാരും വേണ്ടെന്ന്
നീ ഉറപ്പിക്കുന്ന സമയം.

പൂച്ച തന്റെ ഉടമയെ എന്നപോലെ
നീ വീടിനെ ചുറ്റിപ്പറ്റിക്കഴിയും.
കാൽ കുഴയുമ്പോൾ, മുറിയിൽ
നാലുകാലികളായ കട്ടിലും കസേരയും
താങ്ങായി ഉണ്ടാകും.

അലമാരയുടെ ഇരുപാളികളും തുറന്നിട്ട്
അടുക്കിവെച്ച പലതരം വേഷങ്ങൾ
നോക്കിനിൽക്കും.

വിത്തു നട്ട്,
രണ്ടിലകൾ ചിറകുകളായി വിടർത്തി
ഇപ്പോൾപറന്നേക്കുമെന്ന് തോന്നിക്കും
നാമ്പുകൾക്കായി കാത്തിരിക്കും

തൊടിയിൽ മരങ്ങളിൽ
കാറ്റിന്റെ തല്ലും തലോടലുമേറ്റ്
വളരുന്ന, തളരുന്ന, വീഴുന്ന
ഇലകൾ, പൂക്കൾ, കായ്കൾ
കണ്ടുനടക്കും.

ഇങ്ങനെ കഴിയുന്നതിനിടയിൽ
നീ വീണ്ടും ഒരാളെ കണ്ടുമുട്ടും,
ഏറ്റവും പ്രിയപ്പെട്ട വേഷമണിയും,
കിടക്കയും സമയവും
അയാളുമായി പങ്കിടും.

അയാൾ പോകുന്നതോടെ നീ
സ്വന്തം കാലുകളിലേക്ക് നോക്കും
അയാളോടൊപ്പം നടന്ന
അയാൾക്ക് മുന്നിൽ അകന്ന
അതേ കാലുകളിലേക്ക്.

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്

സുജീഷിന്റെ കവിത പുതിയ ഭാഷ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കവിത ഭാഷയില്‍ തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

കെ. സച്ചിദാനന്ദൻ

നിശബ്ദമായ സംഗീതം കവിതയിൽ സൃഷ്ടിക്കുന്ന സുജീഷ് വ്യത്യസ്തനാണ്. പദച്ചേർച്ച, താളം, ഈണം, ദൃശ്യപരത, മിതത്വം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന കവിതകൾ. പ്രകൃതി മുമ്പില്ലാത്ത വിധം സൂക്ഷ്മമായി വിന്യസിക്കപ്പെടുന്നു.

എസ്. ജോസഫ്

പ്രപഞ്ചം കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കുകളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.

അജയ് പി. മങ്ങാട്ട്

ഭാവതലത്തിൽ ആഴത്തിലുള്ള coherence തിരിച്ചറിയാൻ പറ്റുന്ന ശൈലി രൂപപ്പെടുത്താൻ സുജീഷ് ധ്യാനപൂർവ്വം എടുക്കുന്ന ശ്രമം വായനയെ, പ്രത്യേകിച്ച് കവിതയെ, ഗൗരവമായി കാണുന്ന ആരെയും സന്തോഷിപ്പിക്കും.

സുരേഷ് പി. തോമസ്

വാക്ക് ഈ കവിക്ക് കനമല്ല. വാക്കുകളുടേതായ സ്ഥാപന ദൗത്യത്തിൽ പെട്ടു കിടക്കുന്നതാണ് സാധാരണ വ്യവഹാരം. അത് ശൂന്യസ്ഥലിയുടെ ക്രിയാത്മകതയെ തൊടാൻ പര്യാപ്തമല്ല. സുജീഷിന്റെ കവിതകൾ പൊതുവെ വായിക്കുമ്പോൾ ഈ ലൌകികത്തിൽ മറുലോകമോ അതിന്റെ ശൂന്യമായ ഇടത്തിലെ ക്രിയാശക്തി കാണാൻ കാത്തിരിക്കുന്നതോ ആയൊരു പ്രവർത്തനം കൂടി കാണാനാകുന്നുണ്ട്.

നിക്സ്ൺ ഗോപാൽ