കവിതാസ്വാദനത്തിന് ഒരു മുഖവുര


ഭാഷ പഠി­ക്കു­ന്ന ഓരോ വി­ദ്യാർ­ത്ഥി­യും കവി­ത­യും പഠി­ക്കു­ന്നു­ണ്ട്. എന്നാൽ പിൽ­ക്കാല ജീ­വി­ത­ത്തിൽ കവിത ആസ്വ­ദി­ക്കു­ന്ന­തി­നു തട­സ്സ­മാ­കു­ന്ന എന്തോ ഒന്നു­കൂ­ടി പ്രൈ­മ­റി ക്ലാ­സ്സു­കൾ മു­തൽ പല­രു­ടെ­യും ഉള്ളിൽ കയ­റു­ന്നു­ണ്ട്. ഒരു­പ­ക്ഷേ വാ­യ­ന­യിൽ അവ­രു­ടെ പരി­മി­തി­യാ­കാം. അത­ല്ലെ­ങ്കിൽ കവി­ത­യിൽ ആസ്വ­ദി­ക്കാൻ എന്താ­ണു­ള്ള­തെ­ന്ന പാ­ഠം ഭാ­ഷാ­ദ്ധ്യാ­പ­ക­രിൽ നി­ന്നും അവർ­ക്കു ലഭി­ക്കാ­ത്ത­താ­കാം. ഇനി അതു­മ­ല്ലെ­ങ്കിൽ പ്ര­ശ്നം കവി­ത­യു­ടെ തന്നെ­യാ­കാം. എന്താ­യാ­ലും കവിത മന­സ്സി­ലാ­കാ­ത്ത­വ­രും ആസ്വ­ദി­ക്കാൻ സാ­ധി­ക്കാ­ത്ത­വ­രു­മാ­ണ് നമു­ക്കി­ട­യിൽ കൂ­ടു­ത­ലും. ഒന്നാം ക്ലാ­സു മു­തൽ പത്താം ക്ലാ­സു വരെ­യു­ള്ള മല­യാ­ള­പാ­ഠ­പു­സ്ത­ക­ങ്ങ­ളെ മുൻ­നിർ­ത്തി കൽ­പ്പ­റ്റ നാ­രാ­യ­ണൻ ഇങ്ങ­നെ നി­രീ­ക്ഷി­ക്കു­ന്നു: ‘ക­വിത എന്തി­ന്, എന്താ­ണ­തി­ന്റെ ഉപ­യോ­ഗ­ങ്ങൾ എന്ന് സു­വ്യ­ക്ത­മാ­ക്കേ­ണ്ട അവ­ശ്യ­കത പാ­ഠ­പു­സ്ത­ക­ങ്ങൾ­ക്കോ പാ­ഠ­പു­സ്ത­ക­സ­ഹാ­യി­കൾ­ക്കോ തോ­ന്നി­യി­ട്ടേ ഇല്ല. കു­റ­ച്ചു കവി­താ­മാ­തൃ­ക­കൾ, അതേ ഈണ­ത്തിൽ എഴു­ത­പ്പെ­ട്ട അല്ലെ­ങ്കിൽ അതേ പ്ര­മേ­യം പങ്കി­ടു­ന്ന ഇത­ര­ക­വി­താ­മാ­തൃ­ക­കൾ, വൃ­ത്തം, അല­ങ്കാ­രം, ഉക്തി­വൈ­ചി­ത്ര്യ­ങ്ങൾ, പ്ര­മേ­യ­ങ്ങൾ ഇവ­യി­ലൂ­ന്നി­യു­ള്ള ചില അഭ്യാ­സ­ങ്ങൾ, കഴി­ഞ്ഞു കവി­താ­പ­ഠ­നം. പഠ­ന­സ­ഹാ­യി­ക­ളി­ലെ നിർ­ദേ­ശ­ങ്ങ­ളും പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലെ അഭ്യാ­സ­ങ്ങ­ളും സൂ­ക്ഷി­ച്ച­പ­ഗ്ര­ഥി­ച്ചാൽ കവി­ത­യെ അല്ല അതി­ലെ സ്ഥൂ­ല­ഘ­ട­ന­യെ മാ­ത്ര­മേ പാ­ഠ­പു­സ്ത­ക­ങ്ങൾ ഗൌ­നി­ച്ചി­ട്ടു­ള്ളൂ എന്നു കാ­ണാം. ‘ചൊ­ല്ലാ­നു­ള്ള രസ­ക­ര­മായ ഘട­ന’ എന്ന അപ്ര­ഖ്യാ­പി­ത­മായ ഒരു കാ­വ്യ­നിർ­വ­ച­ന­ത്തി­നു കീ­ഴ­ട­ങ്ങി നിൽ­ക്കു­ന്നു കവി­താ­സം­ബ­ന്ധി­യായ സകല പ്ര­വർ­ത്ത­ന­ങ്ങ­ളും­.’

ഇതര സാ­ഹി­ത്യ­രൂ­പ­ങ്ങ­ളെ പരി­ഗ­ണി­ക്കു­മ്പോൾ ജന­പ്രീ­തി­യിൽ പി­ന്നിൽ നിൽ­ക്കു­ന്ന­തും അതേ­സ­മ­യം ഏറ്റ­വും പഴ­ക്കം ചെ­ന്ന­തും കവി­ത­യാ­ണ്. വി­പ­ണി­യു­ടെ മാ­ന­ദ­ണ്ഡ­ങ്ങൾ വെ­ച്ചു നോ­ക്കി­യാൽ കവിത എന്ന ഉൽ­പ്പ­ന്നം ഒരു­ത­ര­ത്തിൽ ഡെ­ഡ്സ്റ്റോ­ക്ക് ആണ്. എന്നി­രു­ന്നി­ട്ടും ഇന്നും കവിത നി­ല­നിൽ­ക്കു­ന്നു. മറ്റു സാ­ഹി­ത്യ­രൂ­പ­ങ്ങൾ­ക്കു പക­രം വെ­ക്കാ­നാ­കാ­ത്ത­തെ­ന്തോ കവി­ത­യ്ക്കു­ണ്ട് എന്ന­തു­ത­ന്നെ­യാ­ക­ണം അതി­നു കാ­ര­ണം. കവിത മനു­ഷ്യ­രോ­ട് അവ­രു­ടെ ഏറ്റ­വും സ്വ­കാ­ര്യ­മാ­യ, ആശ­ങ്കാ­ജ­ന­ക­മാ­യ, ആവേ­ശ­ക­ര­മായ നി­മി­ഷ­ങ്ങ­ളില്‍ അര്‍ത്ഥ­പൂര്‍ണ്ണ­മായ സം­വാ­ദ­ങ്ങള്‍ നട­ത്തു­ന്നു, ഇതു കവി­ത­യു­ടെ സാ­ധ്യ­ത­യാ­ണ്. പ്ര­ക­ടി­പ്പി­ക്കാന്‍ കഴി­യാ­ത്ത എന്തി­നെ­യും പ്ര­ക­ട­ന­യോ­ഗ്യ­മാ­ക്കു­ന്ന­തി­നു മറ്റേ­തു കലാ­രൂ­പ­ത്തേ­ക്കാ­ളും അനു­യോ­ജ്യം കവിത എന്ന മാ­ധ്യ­മ­മാ­ണ്, അതി­നു കാ­ര­ണം അത് ഭാ­ഷ­യോ­ട്, അതി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­ങ്ങ­ളോ­ട് ചേര്‍ന്നു നില്‍ക്കു­ന്ന­തു­കൊ­ണ്ടാ­ണ്. മറ്റൊ­രു­ത­ര­ത്തിൽ, പോൾ വലേ­രി­യു­ടെ വാ­ച­കം കട­മെ­ടു­ത്തു പറ­ഞ്ഞാൽ, കവിത ഭാ­ഷ­യ്ക്കു­ള്ളിൽ മറ്റൊ­രു ഭാഷ നിർ­മ്മി­ക്കു­ന്ന­ത് കൊ­ണ്ടാ­ണ്.

കാ­വ്യാ­ത്മ­ക­മായ ഒരു ആശ­യ­പ്ര­കാ­ശ­നം വേ­ണ്ടി വരു­ന്ന­ത് എപ്പോ­ഴാ­യി­രി­ക്കാം? അല്ലെ­ങ്കില്‍ ഭാഷ ഉപ­യോ­ഗി­ക്കേ­ണ്ടി വരു­ന്ന ഏതു സന്ദര്‍ഭ­ങ്ങ­ളി­ലാ­ണ് കവിത ഏറ്റ­വും ഉചി­ത­മാ­കു­ന്ന­ത്? പറ­യാന്‍ സാ­ധി­ക്കാ­ത്ത ബു­ദ്ധി­മു­ട്ടു­ള്ള അനു­ഭ­വ­ങ്ങ­ളില്‍ കവിത എന്തു­കൊ­ണ്ട്, അല്ലെ­ങ്കില്‍ എങ്ങ­നെ എന്ന­താ­യി­രി­ക്കും കു­റ­ച്ചു­കൂ­ടെ പ്ര­സ­ക്ത­മായ ചോ­ദ്യ­മെ­ന്ന് നോ­ലി­സ്റ്റ് ആയ റി­ച്ചാർ­ഡ് ഫോർ­ഡ് പറ­യു­ന്നു. കവി­ത­യെ കു­റി­ച്ചു­ള്ള സാ­മാ­ന്യ­വല്‍ക്ക­ര­ണം അസാ­ധ്യ­മാ­ണ്. കവി­ത­യു­ടെ സ്വ­ഭാ­വ­ത്തെ അതി­ന്റെ എല്ലാ രൂ­പ­ഭേ­ദ­ങ്ങ­ളും ഉള്‍ക്കൊ­ള്ളു­ന്ന ഒന്നി­ലേ­ക്ക് ചു­രു­ക്കി നിര്‍വ­ചി­ക്കുക എന്ന­തും അസാ­ധ്യ­മാ­ണ്. 'എ­ന്തു­കൊ­ണ്ട് കവി­ത' എന്ന ചോ­ദ്യ­ത്തി­നു കൃ­ത്യ­മായ ഉത്ത­ര­മി­ല്ലാ­ത്ത­ത്, അല്ലെ­ങ്കില്‍ ആ ചോ­ദ്യ­ത്തി­ന്റെ ഉത്ത­രം സാ­ധ്യ­മാ­കു­ന്ന ഒരു രീ­തി­യില്‍ കവിത എന്ന­തി­ന്റെ നിര്‍വ­ച­ന­ത്തെ ചു­രു­ക്കാന്‍ കഴി­യാ­ത്ത­ത് തന്നെ, കവിത അതി­ന്റെ നി­ല­നില്‍പ്പി­ന്റെ കാ­ര­ണ­വും സാ­ധൂ­ക­ര­ണ­വും ആകു­ന്നു­വെ­ന്ന­തി­ന് തെ­ളി­വാ­യി­ട്ടാ­ണ് റി­ച്ചാർ­ഡ് ഫോർ­ഡ് കാ­ണു­ന്ന­ത്.

നിർ­ഭാ­ഗ്യ­വ­ശാൽ കഥ­യു­ടേ­യോ സം­ഗീ­ത­ത്തി­ന്റെ­യോ ഘട­ക­ങ്ങ­ളെ കൂ­ടു­ത­ലാ­യി ആശ്ര­യി­ച്ച­വ­യാ­ണ് നമ്മു­ടെ ഭാ­ഷ­യിൽ ആഘോ­ഷി­ക്ക­പ്പെ­ട്ട ബഹു­ഭൂ­രി­പ­ക്ഷം കവി­ത­ക­ളും. ഈ ജന­പ്രി­യ­ഘ­ട­ക­ങ്ങ­ളെ മാ­റ്റി­നിർ­ത്തി­യാൽ നമ്മു­ടെ കവി­ത­ക­ളിൽ എത്ര­ത്തോ­ളം കവിത അവ­ശേ­ഷി­ക്കു­ന്നു­ണ്ട് എന്നൊ­രു അന്വേ­ഷ­ണം നട­ത്താ­വു­ന്ന­താ­ണ്. സ്കൂൾ കാ­ലം മു­തൽ കവിത ആസ്വ­ദി­ക്കാ­നി­രു­ന്ന നമ്മൾ കഥ കേൾ­ക്കു­ക­യാ­യി­രു­ന്നോ അല്ലെ­ങ്കിൽ താ­ള­ത്തിൽ പാ­ടു­ന്ന­ത് കേ­ട്ടി­രി­ക്കു­ക­യാ­യി­രു­ന്നോ എന്ന­തും സ്വ­യം ചോ­ദി­ക്കേ­ണ്ട ചോ­ദ്യ­മാ­ണ്. ഗാ­ന­ര­ച­യി­താ­ക്ക­ളെ സൃ­ഷ്ടി­ക്ക­ലും അവർ­ക്കു അര­ങ്ങൊ­രു­ക്ക­ലു­മാ­ണോ പത്തു­വ­രെ­യു­ള്ള മല­യാള പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലെ പകു­തി­യോ­ളം പാ­ഠ­ങ്ങ­ളു­ടെ ചു­മ­തല എന്ന കൽ­പ്പ­റ്റ നാ­രാ­യ­ണ­ന്റെ ചോ­ദ്യം ഏറെ പ്ര­സ­ക്ത­മാ­ണ്. ഭാ­ഷ­യി­ലെ മറ്റു രൂ­പ­ങ്ങൾ ചെ­യ്യാ­ത്ത ചില കാ­ര്യ­ങ്ങൾ ചെ­യ്യാ­നു­ള്ള കവി­ത­യു­ടെ ശേ­ഷി സമീ­പ­കാ­ല­ക­വി­ത­കൾ പ്ര­ക­ട­മാ­ക്കു­ന്ന­ത് ഈ ജന­പ്രി­യ­ഘ­ട­ക­ങ്ങള കൂ­ടു­ത­ലാ­യി ആശ്ര­യി­ക്കാ­തി­രി­ക്കു­മ്പോ­ഴാ­ണ്.

അർ­ത്ഥ­ത്തി­ന്റെ അനേ­കം അട­രു­കൾ സൂ­ക്ഷി­ക്കു­ന്നു, വ്യാ­ഖ്യാ­ന­ത്തി­ന്റെ അനേ­കം സാ­ധ്യ­ത­കൾ മു­ന്നോ­ട്ടു­വെ­ക്കു­ന്നു, ഓരോ വാ­യ­ന­യി­ലും പു­തി­യ­താ­യി എന്തെ­ങ്കി­ലും വാ­യ­ന­ക്കാ­രി­ക്കാ­യി കരു­തി­വെ­ക്കു­ന്നു എന്ന­ത് അസ്സൽ കവി­ത­ക­ളു­ടെ ലക്ഷ­ണ­ങ്ങ­ളാ­ണ്. ഈ ഗു­ണ­ങ്ങൾ പ്ര­ക­ടി­പ്പി­ക്കാൻ കഥ­യു­ടെ­യോ സം­ഗീ­ത­ത്തി­ന്റെ­യൊ പി­ന്തുണ കവി­ത­യ്ക്ക് ആവ­ശ്യ­മി­ല്ല എന്നു മാ­ത്ര­മ­ല്ല ഒരു­പാ­ട് വാ­ക്കു­ക­ളോ വരി­ക­ളോ ആവ­ശ്യ­മി­ല്ല. കെ. എ. ജയ­ശീ­ല­ന്റെ ‘ചൂ­ണ്ട­യിൽ ഇര തു­ടി­ക്കു­ന്നു‘ എന്ന കവി­ത­യു­ടെ തു­ട­ക്ക­ത്തി­ലെ നാ­ലു­വ­രി ഇതി­നു ഉദാ­ഹ­ര­ണം:

ചൂണ്ടയിൽ
ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം

നമു­ക്കെ­ല്ലാം പരി­ചി­ത­മായ ഒരു കാ­ഴ്ച­യ്ക്കു­മേൽ കവി­യു­ടെ ഭാ­വന നട­ത്തിയ ഇട­പെ­ടൽ വൈ­യ­ക്തി­ക­വും ദാർ­ശ­നി­ക­വും രാ­ഷ്ട്രീ­യ­പ­ര­വു­മായ അനേ­കം വാ­യ­ന­യി­ലേ­ക്കു­ള്ള സാ­ധ്യത മു­ന്നോ­ട്ടു­വെ­ക്കു­ന്നു. സമീ­പ­കാ­ല­ക­വി­ത­യിൽ കവി­ഭാ­വന കേ­വ­ലം പ്ര­കൃ­തി­വർ­ണ്ണ­ന­ക­ളിൽ ഒതു­ങ്ങു­ന്ന­തോ ഒതു­ങ്ങേ­ണ്ട­തോ അല്ലെ­ന്നും ഈ നാ­ലു­വ­രി ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു.

എഴു­തി­യി­രി­ക്കു­ന്ന­ത് എന്തോ അത­ല്ല, കവി ഉദ്ദേ­ശി­ച്ച­ത് മറ്റെ­ന്തോ ആണെ­ന്ന തോ­ന്ന­ലാ­ണ് കവി­ത­യെ ശ്ര­മ­ക­ര­മായ ഒരു പണി­യാ­ണെ­ന്ന പൊ­തു­ബോ­ധ­ത്തി­ലേ­ക്കു നയി­ച്ച­തെ­ന്നു കരു­താം. കർ­ണ്ണാ­ട­ക­സം­ഗീ­തം ആസ്വ­ദി­ക്കാൻ നി­ങ്ങൾ­ക്ക് സം­ഗീ­ത­ത്തെ­പ്പ­റ്റി ചില ധാ­ര­ണ­കൾ വേ­ണ­മെ­ന്നു പറ­യു­ന്ന­ത് പോ­ലെ­യു­ള്ള ഒരു ഏർ­പ്പാ­ടാ­ണ് ഇത്. പരോ­ക്ഷ­സൂ­ച­ന­കൾ കണ്ടെ­ത്താ­നു­ള്ള അഭ്യാ­സ­ത്തോ­ടെ­യാ­ണ് പല­രും കവി­ത­യെ സമീ­പി­ക്കു­ന്ന­ത്. എന്താ­ണ് എഴു­തി­യി­രി­ക്കു­ന്ന­ത് അതി­നെ അതാ­യി­ത്ത­ന്നെ വാ­യി­ക്കുക എന്ന­താ­ണ് പ്രാ­ഥ­മി­ക­വാ­യ­ന. ബാ­ക്കി­യെ­ല്ലാം തു­ടർ­ന്നു­വ­രു­ന്ന വാ­യ­ന­ക­ളാ­ണ്. പ്രാ­ഥ­മി­ക­വാ­യ­ന­യ്ക്ക് കവിത എഴു­ത­പ്പെ­ട്ടി­രി­ക്കു­ന്ന ഭാഷ വാ­യി­ച്ചു മന­സ്സി­ലാ­ക്കാ­നു­ള്ള ശേ­ഷി­യാ­ണ് ആവ­ശ്യം. പരോ­ക്ഷ­സൂ­ച­ന­കൾ കണ്ടെ­ത്താ­നു­ള്ള ശ്ര­മം ആദ്യ­വാ­യ­ന­യിൽ­ത്ത­ന്നെ നട­ത്തു­മ്പോൾ പ്രാ­ഥ­മി­ക­വാ­യ­ന­യിൽ ലഭി­ക്കാ­നി­ട­യു­ള്ള അനു­ഭൂ­തി കി­ട്ടാ­തെ വരും. പല­പ്പോ­ഴും കവിത ആസ്വ­ദി­ക്കാ­നാ­കാ­തെ­വ­രും.

ഇതി­നർ­ത്ഥം പരോ­ക്ഷ­സൂ­ച­ന­കൾ അന്വേ­ഷി­ച്ചു­ള്ള വാ­യന ആവ­ശ്യ­മ­ല്ല എന്ന­ല്ല. വ്യ­വ­ഹാ­ര­ഭാ­ഷ­യി­ലെ ആവി­ഷ്ക­രി­ക്കു­ന്ന­തി­ന്റെ ധ്വ­നി­സാ­ധ്യ­ത­യോ വക്രീ­ക­ര­ണ­മോ ആണു അതി­നെ കാ­വ്യ­ഭാ­ഷ­യി­ലേ­ക്കു നയി­ക്കു­ന്ന­ത്. അല്ലാ­ത്ത എഴു­ത്ത് കേ­വ­ലം സം­ഭാ­ഷ­ണ­മാ­യി ചു­രു­ങ്ങാം. കവി­ത­യാ­കാ­തെ പോ­കാം. പോൾ വലേ­രി­യു­ടെ വാ­ക്കിൽ പറ­ഞ്ഞാൽ സം­ഭാ­ഷ­ണ­ഭാ­ഷ­യും കവി­ത­യി­ലെ ഭാ­ഷ­യും തമ്മിൽ നട­ത്ത­വും നൃ­ത്ത­വും തമ്മി­ലു­ള്ള വ്യ­ത്യാ­സ­മു­ണ്ട്. അതാ­യ­ത് നട­ത്തം നൃ­ത്തം പോ­ലെ ഒരു ആവി­ഷ്കാ­ര­രൂ­പ­മ­ല്ല. നൃ­ത്ത­ത്തി­ലെ ഓരോ ചല­ന­വും പ്ര­തി­രൂ­പാ­ത്മ­ക­മാ­ണ്. കവി­ത­യി­ലെ ഭാ­ഷ­യു­മ­തെ. കവിത വി­നി­മ­യ­ത്തി­ന്റെ വാ­ക്യ­ത്തെ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കു­ന്നു.

ആശ­യ­ങ്ങ­ളു­ടെ­യും അനു­ഭ­വ­ങ്ങ­ളു­ടെ­യും കൈ­മാ­റ്റ­ത്തി­നു കവി­ത­യേ­ക്കാൾ നന്നാ­യി ഉപ­യോ­ഗി­ക്കാൻ കഴി­യു­ന്ന­ത് കഥ­യും ലേ­ഖ­ന­ങ്ങ­ളും ഒക്കെ­യാ­ണ്. ഒരു കവി­ത­യെ മുൻ­നിർ­ത്തി ആ കവിത ഒരു പ്ര­ത്യേക ആശ­യ­മാ­ണ് പറ­യു­ന്ന­തെ­ന്നു വ്യ­ക്ത­ത­യോ­ടെ പറ­യാൻ നമു­ക്ക് സാ­ധി­ച്ചെ­ന്നു വരി­ല്ല. അങ്ങ­നെ എന്തെ­ങ്കി­ലും ഒരൊ­റ്റ അശ­യം വ്യ­ക്ത­ത­യോ­ടെ പറ­യു­ന്ന­ത് കാ­വ്യ­ഗു­ണം ഇല്ലാ­താ­ക്കു­ന്ന പ്ര­വർ­ത്തി­യാ­ണ്. എപ്പോ­ഴൊ­ക്കെ വ്യാ­ഖ്യാ­നി­ക്കാൻ മു­തി­രു­മ്പോ­ഴും അപ്പോ­ഴൊ­ക്കെ­യും മറ്റെ­ന്തോ കൂ­ടി കരു­തി­വെ­ക്കു­ന്ന­ല്ലോ എന്ന സാ­ധ്യത നല്ല കവി­ത­കൾ­ക്കു­ണ്ട്. ഇങ്ങ­നെ­യൊ­രു സ്വ­ഭാ­വം എന്താ­യാ­ലും ലേ­ഖ­ന­ങ്ങൾ ഒരി­ക്ക­ലും കാ­ണി­ക്കാൻ പാ­ടി­ല്ല.

ലോർ­ഡ് ബൈ­റ­ണി­ന്റെ പ്രേ­മ­ക­വി­ത­യെ ഭക്തി­ക­വി­ത­യാ­യി പഠി­പ്പി­ച്ച ഒരു അധ്യാ­പി­ക­യു­ടെ ക്ലാ­സ്സിൽ ഞാൻ ഇരു­ന്നി­ട്ടു­ണ്ട്. ബൈ­റൺ എന്ന കവി­യെ അറി­യു­ന്ന ആളിൽ നി­ന്നും ഉണ്ടാ­കു­ന്ന ഒരു വാ­യ­ന­യ­ല്ല അത്. എന്നാൽ എന്താ­ണോ എഴു­തി­യി­രി­ക്കു­ന്ന­ത് അത് മാ­ത്രം വാ­യി­ക്കു­ന്ന ഒരാ­ളെ സം­ബ­ന്ധി­ച്ച് അത് തെ­റ്റായ വാ­യ­ന­യു­മ­ല്ല. 'അ­ങ്ങ്’ എന്ന വാ­ക്കിൽ പ്രേ­മി­ക്കു­ന്ന ആളെ കാ­ണു­ന്ന­വ­രും ദൈ­വ­ത്തെ കാ­ണു­ന്ന­വ­രും ഉണ്ടാ­കാം. രണ്ടി­നു­മു­ള്ള സാ­ധ്യത കവിത മു­ന്നോ­ട്ടു­വെ­ക്കു­ന്നു. ഇത്ത­ര­ത്തിൽ വള­രെ വൈ­യ­ക്തി­ക­മായ അനു­ഭ­വ­ങ്ങ­ളും വാ­യ­ന­യും കവി­ത­യിൽ നി­ന്നും ലഭി­ക്കും. എന്നാൽ നമ്മു­ടെ അനു­ഭ­വം വാ­ക്കി­ലൂ­ടെ മറ്റൊ­രാ­ളോ­ട് പങ്കു­വെ­ക്കാൻ സാ­ധി­ക്കാ­തെ­യും വരാം. നി­ങ്ങൾ ഒറ്റ­യ്ക്ക് ഉപ­യോ­ഗി­ച്ച് ആസ്വ­ദി­ക്കു­ന്ന ഒരു ലഹ­രി­വ­സ്തു­പോ­ലെ. നി­ങ്ങ­ളിൽ എങ്ങ­നെ­യാ­ണോ അത് പ്ര­വർ­ത്തി­ക്കു­ന്ന­ത് അതു­പോ­ലെ ആക­ണം എന്നി­ല്ല മറ്റൊ­രാ­ളിൽ.

ഭാ­ഷ­യെ­യും ഭാ­വ­ന­യെ­യും കൂ­ടു­തൽ പ്ര­സ­രി­പ്പോ­ടെ നി­ല­നിർ­ത്താ­നു­ള്ള ശേ­ഷി കവി­ത­യ്ക്കു­ണ്ട്. ‘എ­ല്ലാം ഉപ്പി­ലി­ട്ടു­വെ­ക്കു­ന്നു കടൽ’ എന്ന വരി നി­ങ്ങ­ളിൽ ഉണ്ടാ­ക്കാ­നി­ട­യു­ള്ള ഒരു പ്ര­സ­രി­പ്പു­ണ്ട്. കട­ലി­ന് ഉപ്പു­രു­ചി ഉണ്ടെ­ന്നും കട­ലിൽ അനേ­കം വസ്തു­ക്കൾ ഉണ്ടെ­ന്നും നമു­ക്കെ­ല്ലാം അറി­യു­ന്ന വി­വ­ര­മാ­ണ്. എന്നി­രി­ക്കി­ലും ‘ഉ­പ്പി­ലി­ട്ടു­വെ­ക്കു­ക’ എന്ന രീ­തി­യോ­ട് ചേർ­ത്തു­ള്ള ആലോ­ചന നമ്മു­ടെ ഭാ­ഷ­യെ­യും ഭാ­വ­ന­യെ­യും ചെ­റു­താ­യെ­ങ്കി­ലും ഉന്മേ­ഷ­മു­ള്ള­താ­ക്കും. പ്രാ­ഥ­മി­ക­വാ­യ­ന­യിൽ ലഭി­ക്കു­ന്ന അനു­ഭൂ­തി പല­പ്പോ­ഴും ഇങ്ങ­നെ­യു­ള്ള­തോ അത­ല്ലെ­ങ്കിൽ വൈ­കാ­രി­ക­ത­യി­ലൂ­ന്നി­യ­തോ ആയി­രി­ക്കും. ആദ്യ­വാ­യ­ന­യിൽ ലളി­ത­മാ­യി അനു­ഭ­വ­പ്പെ­ടു­ന്ന കവി­ത­കൾ ആഴ­ത്തി­ലു­ള്ള വാ­യ­ന­യിൽ സങ്കീർ­ണ്ണ­മാ­യ­ത­ല­ങ്ങൾ ഉള്ള­താ­ണെ­ന്നു കണ്ടെ­ത്താ­നാ­യേ­ക്കാം.

നമ്മു­ടെ ചു­റ്റു­പാ­ടു­ക­ളെ­യും വ്യ­വ­ഹാ­ര­ഭാ­ഷ­യെ­യും പു­ത്ത­നാ­ക്കാ­നു­ള്ള ശേ­ഷി­യാ­ണ് കാ­വ്യ­ഭാ­ഷ­യു­ടെ മറ്റൊ­രു പ്ര­ധാന സവി­ശേ­ഷ­ത. ‘കാ­റ്റിൽ ഇല­കൾ ഇള­കു­ന്നു‘ എന്ന സർ­വ്വ­സാ­ധാ­ര­ണ­മായ ഒരു കാ­ഴ്ച­യെ കവി ‘കാ­റ്റിൻ്റെ തല്ലും തലോ­ട­ലും ഏറ്റു­ക­ഴി­യു­ന്ന ഇല­കൾ‘ എന്നാ­ക്കി എഴു­തു­ന്ന­തോ­ടെ നമ്മു­ടെ വീ­ക്ഷ­ണ­കോൺ മാ­റു­ന്നു. ചി­ര­പ­രി­ത­മായ ഒന്നി­നെ മറ്റൊ­രു രീ­തി­യിൽ നോ­ക്കി­ക്കാ­ണാൻ നമു­ക്ക് സാ­ധി­ക്കു­ന്നു. ഭാ­ഷ­യെ സവി­ശേ­ഷ­മായ രീ­തി­യിൽ ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു കൂ­ടി­യാ­ണ് ഇത്ത­രം കവി­താ­നു­ഭ­വം സാ­ധ്യ­മാ­കു­ന്ന­ത്. സ്റ്റാ­ച്ചു ഓഫ് ലി­ബർ­ട്ടി ഏത് രാ­ജ്യ­ത്തെ പ്ര­തി­മ­യാ­ണെ­ന്ന മത്സ­ര­പ­രീ­ക്ഷ­യി­ലെ ചോ­ദ്യ­ത്തെ­യും ഇവ്വി­ധ­ത്തിൽ കവി­ത­യാ­ക്കാം, ഭാ­ഷ­യെ സവി­ശേ­ഷ­മായ രീ­തി­യിൽ ഉപ­യോ­ഗ­പ്പെ­ടു­ത്തി വാ­യ­ന­ക്കാ­രൻ്റെ വീ­ക്ഷ­ണ­കോ­ണിൽ വരു­ത്തു­ന്ന മാ­റ്റ­ത്തോ­ടെ. ‘സ്വാ­ത­ന്ത്ര്യം അമേ­രി­ക്ക­യിൽ ഒരു പ്ര­തി­മ­യാ­ണ്‘ എന്ന് നി­ക്കാ­ണോർ പാറ എഴു­തു­മ്പോൾ അത് കവി­ത­യാ­യി അനു­ഭ­വ­പ്പെ­ടാൻ വേ­ണ്ട ഇട­പെ­ടൽ കൂ­ടി­യാ­ണ് വാ­യ­ന­ക്കാ­ര­നിൽ നി­ന്നും വേ­ണ്ട­ത്. രാ­ഷ്ട്രീ­യ­വും സാ­മൂ­ഹി­ക­വും ആയ ഒരാ­ളു­ടെ അടി­സ്ഥാന ധാ­രണ ഈ വരി­യെ കവി­ത­യാ­ക്കാൻ ആവ­ശ്യ­മാ­ണ്. അത്ര­യേ ആവ­ശ്യ­മു­ള്ളൂ എന്നും പറ­യാം.

വാ­ല­സ് സ്റ്റീ­വൻ­സി­ന്റെ അഭി­പ്രാ­യ­ത്തിൽ ആളു­ക­ളെ ജീ­വി­ക്കാൻ സഹാ­യി­ക്കു­ക­യാ­ണു കവി­യു­ടെ കർ­ത്ത­വ്യം. ഇതേ സ്റ്റീ­വൻ­സ് തന്നെ, പ്ര­കൃ­തി­യ്ക്കു മേ­ലു­ള്ള മനു­ഷ്യ­ന്റെ അധി­കാ­രം അവ­ന്റെ ഭാ­വ­ന­യാ­ണെ­ന്നും പറ­യു­ന്നു. ഭാ­വ­ന­യെ ഉത്തേ­ജി­പ്പി­ക്കാൻ ശേ­ഷി­യു­ള്ള കവി­ത­കൾ വാ­യി­ച്ച­തിൽ­പ്പി­ന്നെ കവി­ത­യോ­ട് ആസ­ക്തി തോ­ന്നിയ ആളാ­ണ് ഞാൻ. ‘വാ­ക്കു­കൾ ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ട് കാ­വ്യാ­ത്മ­ക­മായ മാ­ന­സി­കാ­വ­സ്ഥ സൃ­ഷ്ടി­ക്കു­ന്ന മെ­ഷീ­നാ­ണു കവി­ത’­യെ­ന്ന് പോൾ വലേ­രി പറ­യു­ന്നു. ‘കാ­വ്യാ­ത്മ­ക­മായ മാ­ന­സി­കാ­വ­സ്ഥ’­യി­ലേ­ക്കു അനു­വാ­ച­ക­നെ എത്തി­ക്കാൻ കവി­ത­യ്ക്കാ­കു­മെ­ന്ന് തി­രി­ച്ച­റി­യു­ന്ന വാ­യ­ന­യിൽ നി­ന്നാ­കാം നമ്മൾ കവിത ആസ്വ­ദി­ക്കാൻ തു­ട­ങ്ങു­ന്ന­ത്. കവി­ത­യ്ക്കു എന്തു­സാ­ധി­ക്കും എന്ന­തി­നു­ള്ള മറു­പ­ടി­യാ­യി കാ­ണാ­വു­ന്ന­താ­ണു വലേ­രി­യു­ടെ വാ­ക്കു­കൾ. മറ്റൊ­രു­ത­ര­ത്തിൽ പറ­ഞ്ഞാൽ കവി­താ­വാ­യ­ന, വാ­യി­ക്കു­ന്ന ആളു­ടെ ജീ­വി­ത­ത്തിൽ കവി­ത­യു­ണ്ടാ­ക്കു­ന്നു. നമ്മു­ടെ ചു­റ്റു­പാ­ടു­ക­ളെ­യും ഭാ­ഷ­യെ­യും നവീ­ക­രി­ക്കു­ന്നു.