കവിതയുടെ ഘടന

തു­ട­ക്കം മു­തൽ ഒടു­ക്കം വരെ തു­ട­ങ്ങിയ ഇട­ത്തു­ത­ന്നെ നിൽ­ക്കു­ന്ന കവിത വാ­യ­ന­ക്കാ­രിൽ മു­ഷി­പ്പു­ണ്ടാ­ക്കാം. ഒരി­ട­ത്ത് തു­ട­ങ്ങി മറ്റൊ­ന്നി­ലേ­ക്കു­ള്ള തി­രി­വു­ക­ളോ മാ­റ്റ­ങ്ങ­ളോ എല്ലാ­ത്ത­രം സാ­ഹി­ത്യ­രൂ­പ­ങ്ങ­ളി­ലും പ്ര­ധാ­ന­മാ­ണ്. ലേ­ഖ­ന­ങ്ങ­ളിൽ എന്തി­നെ­പ്പ­റ്റി­യാ­ണോ എഴു­തി­യ­ത് അതിന്റെ രത്ന­ചു­രു­ക്ക­മോ നി­ഗ­മ­ന­മോ ഒക്കെ അവ­സാ­ന­വ­രി­യോ ഖണ്ഡി­ക­യോ ആകു­ന്ന­ത് പോ­ലെ ഉദ്വേ­ഗ­ജ­ന­ക­മായ കഥ­യിൽ ക്ലൈ­മാ­ക്സ് പ്ര­ധാ­ന­മാ­കു­ന്ന­ത് പോ­ലെ ഇത്ത­രം തി­രി­വു­കൾ കവി­ത­യ്ക്കും പ്ര­ധാ­ന­മാ­ണ്. അമേ­രി­ക്കൻ കവി റാ­ന്ദൽ ജറൽ ഇങ്ങ­നെ പറ­യു­ന്നു: ‘ഒ­രു മി­ക­ച്ച കവിത ഒരി­ട­ത്തു നി­ന്നും തു­ട­ങ്ങി തി­ക­ച്ചും വ്യ­ത്യ­സ്ത­മായ മറ്റൊ­രി­ട­ത്ത് അവ­സാ­നി­ച്ചേ­ക്കാം. ഇത് വള­രെ വൈ­രു­ദ്ധ്യ­മു­ള്ള ഒരി­ട­ത്തേ­ക്കു­ള്ള മാ­റ്റം പോ­ലു­മാ­കാം. എന്നാൽ ആ കവി­ത­യു­ടെ ആദി­മ­ദ്ധ്യാ­ന്ത­മു­ള്ള പൊ­രു­ത്തം വള­രെ പ്ര­ധാ­ന­മാ­ണ്.‘ കവി­ത­യു­ടെ മെ­റ്റ­ഫെ­റി­ക്കൽ സ്വ­ഭാ­വം മാ­റ്റി­നിർ­ത്തി­യാൽ ആശ്ച­ര്യ­ജ­ന­ക­മായ തി­രി­വു­കൾ ആണ് കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന­തിൽ പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്ന­ത്. ലി­റി­ക് കവി­ത­ക­ളി­ലും ഹൈ­ക്കു കവി­ത­ക­ളി­ലും ഈ തി­രി­വു­കൾ സം­ഭ­വി­ക്കു­ന്ന­ത് കൃ­ത്യ­മായ ഒരി­ട­ത്താ­യി­രി­ക്കും. ഇറ്റാ­ലി­യൻ ഗീ­ത­ക­ങ്ങ­ളിൽ ഈ തി­രി­വു­കൾ വോൾ­ട്ട എന്ന് അറി­യ­പ്പെ­ടു­ന്നു. ഏത് വി­ഷ­യ­ത്തെ­പ്പ­റ്റി എഴു­തി­യ­താ­യാ­ലും കവി­ത­യ്ക്കു­ള്ളിൽ കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന വി­ധ­ത്തിൽ നട­ക്കു­ന്ന ഇത്ത­രം പരി­വർ­ത്ത­ന­ങ്ങ­ളെ റാ­ന്ദൽ ജറ­ലി­നെ പോ­ലു­ള്ള­വർ കവി­ത­യു­ടെ ഘടന (structure) എന്ന് വി­ളി­ക്കു­ന്നു. കവി­ത­യു­ടെ ഘട­ന­യും രൂ­പ­വും (form) ഒന്നാ­യി­ക്ക­ണ്ടു­കൊ­ണ്ടാ­ണ് പല­രും അതേ­പ്പ­റ്റി സം­സാ­രി­ക്കാ­റു­ള്ള­ത് എന്നി­രി­ക്കെ ഇങ്ങ­നെ­യൊ­രു കാ­ഴ്ച­പ്പാ­ട് മു­ന്നോ­ട്ട് വെ­ക്കു­ന്ന­ത് ഘട­ന­യെ­യും രൂ­പ­ത്തെ­യും കൃ­ത്യ­മാ­യി വേർ­തി­രി­ച്ച് മന­സ്സി­ലാ­ക്കാൻ സഹാ­യി­ക്കും എന്നു­മാ­ത്ര­മ­ല്ല കവി­ത­കൾ പ്ര­ത്യേ­കി­ച്ച് വൃ­ത്ത­ര­ഹി­ത­ക­വി­ത­കൾ കാ­വ്യാ­നു­ഭ­വം എങ്ങ­നെ സാ­ധ്യ­മാ­ക്കു­ന്നു­വെ­ന്നു വി­ല­യി­രു­ത്തു­ന്ന­തി­നും ഉപ­ക­രി­ക്കും.

ഓരോ എഴു­ത്തി­നും അതിന്റെ­തായ ലക്ഷ്യ­ങ്ങ­ളു­ണ്ട്. കവി­ത­യു­ടെ കാ­ര്യ­ത്തിൽ ലോ­ക­ത്തെ മറ്റൊ­രു രീ­തി­യിൽ നോ­ക്കി­ക്കാ­ണാൻ പ്രേ­രി­പ്പി­ക്കു­ക­യോ വാ­യ­ന­ക്കാ­രി­ലെ വി­കാ­ര­മു­ണർ­ത്തു­ക­യോ ഒരു ഞെ­ട്ട­ലോ അത്ഭു­ത­മോ പോ­ലു­ള്ള അനു­ഭൂ­തി പങ്കി­ടു­ക­യോ ചി­ന്ത­യോ ആശ­യ­മോ പങ്കു­വെ­ക്കു­ക­യോ ഒക്കെ­യാ­കാം ലക്ഷ്യം. ചി­ല­പ്പോൾ ഇതെ­ല്ലാം ഒന്നി­ച്ച് സാ­ധ്യ­മാ­ക്കു­ക­യു­മാ­കാം. ഇത്ത­രം ലക്ഷ്യ­ങ്ങൾ കൈ­വ­രി­ക്കു­ന്ന­ത് ഘട­ന­യി­ലൂ­ടെ­യാ­ണ്. വെ­ളി­പ്പെ­ടു­ത്തേ­ണ്ട കാ­ര്യ­ങ്ങൾ ഏത് സമ­യ­ത്ത് എങ്ങ­നെ വെ­ളി­പ്പെ­ടു­ത്ത­ണ­മെ­ന്നും അതു­വ­ഴി വാ­യ­ന­ക്കാ­രിൽ ആഘാ­തം എങ്ങ­നെ ഏൽ­പ്പി­ക്കാ­മെ­ന്നും നിർ­ണ്ണ­യി­ക്കു­ന്ന­ത് കവി­ത­യു­ടെ ഘട­ന­യാ­ണ്. ഘട­ന­യ്ക്ക് ഇര­ട്ട­ദൗ­ത്യ­ങ്ങ­ളു­ണ്ട്. എപ്പോൾ എന്ത് വെ­ളി­പ്പെ­ടു­ത്ത­ണം എന്നു തീ­രു­മാ­നി­ക്കു­ക. അതേ­സ­മ­യം വെ­ളി­പ്പെ­ടു­ത്തേ­ണ്ട വി­വ­ര­മാ­യി­രി­ക്കു­ക. മറ്റൊ­രു­വി­ധം പറ­ഞ്ഞാൽ ഉള്ള­ട­ക്ക­ത്തിൽ നി­ന്നും വേ­റി­ട്ടു­കൊ­ണ്ട് ഘട­ന­യ്ക്ക് നി­ല­നിൽ­പ്പി­ല്ല. ഒരു വി­കാ­ര­ത്തി­ലേ­ക്കോ പ്ര­വർ­ത്തി­യി­ലേ­ക്കോ പ്ര­ത്യേ­ക­കാ­ര്യം മന­സ്സി­ലാ­ക്കു­ന്ന­തി­ലേ­ക്കോ വാ­യ­ന­ക്കാ­രെ നയി­ക്കു­ന്ന കവി­ത­യു­ടെ മാർ­ഗ­മാ­ണ് ഘട­ന. കവി­ത­യു­ടെ ഘട­ന­യു­ടെ പ്ര­വർ­ത്ത­നം കൂ­ടു­തൽ വ്യ­ക്ത­ക്കാൻ സഹാ­യി­ക്കു­ന്ന ഒരു കവി­ത­യാ­ണ് ടി. പി. വി­നോ­ദിന്റെ 'തി­രു­ത്ത്'

വീട്ടില്‍ തിരിച്ചെത്തി
വാതില്‍ തുറന്നപ്പോള്‍

അടക്കാന്‍ മറന്ന
ജനാലയിലൂടെ
അകത്തുവന്നിരിപ്പുണ്ട്
ഒരു പൂമ്പാറ്റ

അല്ലല്ല,
തുറന്നുവെച്ച
ജനാലയിലൂടെ
അകത്തുവന്നതാണ്
പൂമ്പാറ്റയെന്ന്

പൊടുന്നനെയതിന്റെ
പറക്കം
എന്റെ മറവിയെ
സൌന്ദര്യത്തിലേക്ക്
ചെറുതായൊന്ന്
തിരുത്തിക്കളഞ്ഞു.

പറ­യാ­നു­ള്ള കാ­ര്യം നമ്മ­ളി­ലേ­ക്ക് പൊ­ടു­ന്ന­നെ വന്നെ­ത്തു­ന്ന­താ­കാം. എന്നാൽ എങ്ങ­നെ പറ­യ­ണം എന്ന­തും എന്തൊ­ക്കെ എപ്പോൾ പറ­യ­ണം എന്ന­തും കൃ­ത്യ­മാ­യും നമ്മു­ടെ തി­ര­ഞ്ഞെ­ടു­പ്പാ­ണ്. ഒരു കവിത വാ­യി­ക്കു­ന്ന ആളിൽ അയാ­ളു­ടെ ഭാ­വന പ്ര­വർ­ത്തി­ക്കുക വാ­യി­ക്കു­ന്ന വരി­യെ മാ­ത്രം കണ്ടു­കൊ­ണ്ട­ല്ല. അടു­ത്ത­വ­രി­യിൽ എന്തു­ണ്ടാ­കാം എന്നു­കൂ­ടി അയാൾ ആലോ­ചി­ക്കു­ക­യും ആ ആലോ­ച­ന­യെ അടു­ത്ത­വ­രി എങ്ങ­നെ നേ­രി­ടു­ന്നു എന്ന­തിന്റെ അടി­സ്ഥാ­ന­ത്തി­ലാ­കും ആശ്ച­ര്യം പോ­ലു­ള്ള വി­കാ­ര­ങ്ങൾ ഉണ്ടാ­കു­ക. എന്നു­മാ­ത്ര­മ­ല്ല ഇതി­നോ­ട­കം വാ­യി­ച്ച­തൊ­ക്കെ­യും ചേർ­ത്തു­വെ­ച്ചാ­കും അയാൾ ഓരോ വരി­യി­ലൂ­ടെ­യും മു­ന്നോ­ട്ട് പോ­കു­ന്ന­ത്. അതി­നാൽ കവി­ത­യു­ടെ ഘട­ന­യെ­ന്നു പറ­യു­ന്ന­ത് കവിത ആകെ­ത്തു­ക­യിൽ എന്ത് എങ്ങ­നെ പറ­യു­ന്നു എന്ന­തി­നും ഓരോ വരി­യി­ലും വാ­ക്കി­ലും എന്ത് വെ­ളി­പ്പെ­ടു­ത്തു­ന്നു എന്ന­തി­നും ഒപ്പം വാ­യ­ന­ക്കാ­രൻ ഓരോ വാ­ക്കി­നോ­ടും വരി­യോ­ടും എങ്ങ­നെ പ്ര­തി­ക­രി­ക്കു­മെ­ന്ന­ത് കണ­ക്കാ­ക്കി കൂ­ടി­യാ­ണ് നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്ന­ത്.

കഥ­യി­ലും നോ­വ­ലി­ലും ആഖ്യാ­ന­ത­ന്ത്ര­മെ­ന്നു പരാ­മർ­ശി­ക്കു­ന്ന­തി­നു സമാ­ന­മായ കാ­ര്യ­മാ­ണ് ഇവി­ടെ കവി­ത­യു­ടെ ഘട­ന­യാ­യി കണ­ക്കാ­ക്കു­ന്ന­തെ­ന്നു തോ­ന്നാം. കഥ­യിൽ അടു­ത്ത­താ­യി എന്ത് സം­ഭ­വി­ക്കു­മെ­ന്ന ഉദ്വേ­ഗ­ത്തി­നാ­ണ് പ്രാ­ഥ­മി­ക­പ­രി­ഗ­ണ­ന. കവി­ത­യിൽ അങ്ങ­നെ­യൊ­രു ആകാം­ക്ഷ പല­പ്പോ­ഴും ഉണ്ടാ­കാ­റി­ല്ല. അതേ­സ­മ­യം അടു­ത്ത വരി­യോ വാ­ക്കോ ഉണ്ടാ­ക്കു­ന്ന ആശ്ച­ര്യം പ്ര­ധാ­ന­മാ­ണ്. നി­യ­ത­മായ ഒരു പ്ലോ­ട്ട് കഥ­യി­ലേ­തു­പോ­ലെ ആവ­ശ്യ­മ­ല്ലാ­ത്ത­തി­നാൽ കവി­ത­യു­ടെ പ്രാ­ഥ­മി­ക­പ­രി­ഗ­ണ­ന­യിൽ വരു­ന്ന കാ­ര്യ­മ­ല്ല ആഖ്യാ­നം. ഇമേ­ജ­റി­കൾ ചേർ­ത്തു­വെ­ച്ചും കവിത സാ­ധ്യ­മാ­ണ്. ഒന്നു­കൂ­ടി വ്യ­ക്ത­മാ­ക്കി­യാൽ കഥ­യിൽ പി­രി­മു­റു­ക്കം സൃ­ഷ്ടി­ക്കു­ന്ന ആദ്യ­ത്തെ കാ­ര്യം ഉദ്വേ­ഗ­മാ­കു­മ്പോൾ രണ്ടാ­മ­ത്തെ കാ­ര്യ­മാ­ണ് അശ്ച­ര്യം. കവി­ത­യിൽ നേ­രെ തി­രി­ച്ചും. ഒരു നല്ല കവി­ത­യിൽ ആശ്ച­ര്യ­പ്പെ­ടു­ത്തു­ന്ന നി­മി­ഷ­ങ്ങൾ തീർ­ച്ച­യാ­യും ഉണ്ടാ­യി­രി­ക്കും. ഒരു വാ­യ­ന­ക്കാ­ര­നെ തൃ­പ്തി­പ്പെ­ടു­ത്തു­ന്ന­തിൽ കവി­ത­യി­ലെ ഇത്ത­രം നി­മി­ഷ­ങ്ങൾ­ക്ക് വലിയ പങ്കു­ണ്ട്.

കവി­ത­യു­ടെ ആഖ്യാ­ന­പ­ര­മായ ഒഴു­ക്കും ആ ഒഴു­ക്കി­നി­ട­യി­ലെ തി­രി­വു­ക­ളെ­യും പറ്റി ആലോ­ചി­ക്കു­മ്പോൾ നമു­ക്ക് വള­രെ­പെ­ട്ടെ­ന്നു പി­ടി­കി­ട്ടാ­വു­ന്ന ഒരു ഘടന കഥ­യും ലേ­ഖ­ന­ങ്ങ­ളും ഒക്കെ മി­ക്ക­പ്പോ­ഴും പി­ന്തു­ട­രു­ന്ന വി­ശ­ദാം­ശ­ങ്ങ­ളിൽ നി­ന്നും കണ്ടെ­ത്ത­ലി­ലേ­ക്ക് നയി­ക്കു­ന്ന ഘട­ന­യാ­കും. ഈ ഘട­ന­യി­ലു­ള്ള കവി­ത­കൾ­ക്കു രണ്ട് ഭാ­ഗ­ങ്ങൾ ഉണ്ടാ­യി­രി­ക്കും. ഒരു വസ്തു­വി­നെ­യോ കാ­ര്യ­ത്തെ­യോ സന്ദർ­ഭ­ത്തെ­യോ കു­റി­ച്ച് വി­ശ­ദീ­ക­ര­ണം നൽ­കു­ന്ന ആദ്യ­ഭാ­ഗ­വും ഇതിൽ നി­ന്നു­മെ­ത്തു­ന്ന നി­ഗ­മ­ന­മാ­യോ ധ്യാ­ന­മാ­യോ കണ­ക്കാ­ക്കാ­വു­ന്ന രണ്ടാ­മ­ത്തെ ഭാ­ഗ­വും. വാ­യ­ന­ക്കാ­ര­ന്റെ ചി­ന്ത­യെ­യോ ഭാ­വ­ന­യെ­യോ വി­കാ­ര­ത്തെ­യോ പൊ­ടു­ന്ന­നെ ഒരു തി­രി­വി­ലൂ­ടെ ഉണർ­ത്താൻ സാ­ധി­ക്കു­ന്ന രണ്ടാ­മ­ത്തെ ഭാ­ഗ­മാ­ണ് ഈ ഘട­ന­യു­ള്ള കവി­ത­ക­ളിൽ കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന­ത്. അതി­നെ ബല­പ്പെ­ടു­ത്തു­ക­യാ­ണ് ആദ്യ­ഭാ­ഗ­ത്തിന്റെ ദൗ­ത്യം. കെ. സച്ചി­ദാ­ന­ന്ദന്റെ ‘ഭ്രാ­ന്ത­ന്മാർ‘, പി. എൻ. ഗോ­പീ­കൃ­ഷ്ണന്റെ ‘അ­പൂര്‍ണ്ണ­മാ­യ­തു­കൊ­ണ്ടു മാ­ത്ര­മ­ല്ല, കല­യില്‍ ഞാന്‍ വി­ശ്വ­സി­ക്കു­ന്ന­ത്‘ എന്നി­ങ്ങ­നെ നി­ര­വ­ധി കവി­ത­കൾ­ക്കു­ള്ള­ത് ഈ ഘട­ന­യാ­ണ്. താ­ര­ത­മ്യേന എല്ലാ­വർ­ക്കും പരി­ചി­ത­മാ­യ­തും പെ­ട്ടെ­ന്നു തി­രി­ച്ച­റി­യാ­നാ­കു­ന്ന­തു­മായ സങ്കീർ­ണ്ണത കു­റ­ഞ്ഞ ഘട­ന­ക­ളിൽ ഒന്നാ­ണി­ത്. ഒന്നി­ല­ധി­കം ഘട­ന­ങ്ങൾ ചേർ­ന്നു­ണ്ടാ­കു­ന്ന ഘട­ന­ക­ളും കവി­ത­യ്ക്ക് ഉണ്ടാ­കാ­റു­ണ്ട്. Structure & Surprise: Engaging Poetic Turns എന്ന പു­സ്ത­ക­ത്തി­ലും ഇതി­നു അനു­ബ­ന്ധ­മാ­യി തു­ട­ങ്ങിയ ബ്ലോ­ഗി­ലും മൈ­ക്കൾ ത്യൂൻ ഇത്ത­ര­ത്തിൽ നി­ര­വ­ധി ഘട­ന­ക­ളെ­ക്കു­റി­ച്ച് കവി­ത­ക­ളെ ഉദാ­ഹ­രി­ച്ചു­കൊ­ണ്ട് വി­ല­യി­രു­ത്തൽ നട­ത്തു­ന്നു­ണ്ട്. അവ­യിൽ നി­ന്നും ചില ഘട­ന­കൾ:

ചാ­ക്രി­ക­ഘ­ട­ന: ഒരി­ട­ത്തു നി­ന്നും തു­ട­ങ്ങി അതേ ഇട­ത്തേ­ക്കു തന്നെ തി­രി­ച്ചെ­ത്തു­ന്ന കവി­ത­കൾ. ഇത്ത­രം കവി­ത­ക­ളു­ടെ പ്ര­ത്യേ­കത അവ­യു­ടെ പ്ര­മേ­യം പല­പ്പോ­ഴും ഒരു മാ­റ്റ­ത്തി­ലൂ­ടെ കട­ന്നു­പോ­യി പൂർ­വ്വ­സ്ഥി­തി­യി­ലേ­ക്കു എത്തു­ന്ന­താ­കു­മെ­ന്ന­താ­ണ്. ­

രൂ­പ­ക-­അർ­ത്ഥ ഘട­ന: രണ്ട് ഭാ­ഗ­ങ്ങ­ളു­ള്ള ഈ ഘട­ന­യിൽ ഒരു കാ­ര്യ­ത്തെ­യോ സന്ദർ­ഭ­ത്തെ­യോ സൂ­ചി­പ്പി­ക്കു­ന്ന രൂ­പ­ക­മോ രൂ­പ­ക­വർ­ണ്ണ­ന­യോ ആയി­രി­ക്കും ആദ്യ­ഭാ­ഗ­ത്ത്. രണ്ടാം ഭാ­ഗ­ത്ത് രൂ­പ­കം എന്തി­നെ­യാ­ണോ അർ­ത്ഥ­മാ­ക്കു­ന്ന­ത് അതി­ലേ­ക്കു­ള്ള സൂ­ച­ന­യും. ഒരു കട­ങ്ക­ഥ­യു­ടെ സ്വ­ഭാ­വം ഈ ഘട­ന­യി­ലു­ള്ള കവി­ത­കൾ­ക്കു ഉണ്ടാ­കും­. ­

ചോ­ദ്യോ­ത്ത­ര­ഘ­ട­ന: ചോ­ദ്യ­ങ്ങ­ളും ഉത്ത­ര­ങ്ങ­ളു­മാ­യി വി­ക­സി­ച്ചു വരു­ന്ന കവി­ത­കൾ. ­

താ­ര­ത­മ്യ­ഘ­ട­ന: ഒന്നി­ല­ധി­കം സന്ദർ­ഭ­ങ്ങ­ളെ­യോ കാ­ര്യ­ങ്ങ­ളെ­യോ പര­സ്പ­ര­ബ­ന്ധം പ്ര­ത്യ­ക്ഷ­ത്തിൽ വ്യ­ക്ത­മാ­ക്കാ­തെ ചേർ­ത്തു­വെ­ച്ച രീ­തി­യിൽ ആയി­രി­ക്കും ഇത്ത­രം കവി­ത­ക­ളു­ടെ ഘട­ന. അവ­യു­ടെ പര­സ്പ­ര­ബ­ന്ധം കണ്ടെ­ത്താ­നു­ള്ള ആലോ­ച­ന­യിൽ നി­ന്നു­മാ­ണ് വാ­യി­ക്കു­ന്ന­യാ­ളിൽ കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­കു­ന്ന­ത്. വി­വ­ര­ണാ­ത്മ­ക­മ­ല്ലാ­തെ ഇമേ­ജു­കൾ ചേർ­ത്തു­വെ­ച്ച് എഴു­തു­ന്ന കവി­ത­ക­ളി­ലാ­ണ് ഈ ഘടന കൂ­ടു­ത­ലാ­യും കാ­ണു­ന്ന­ത്.

ഇത്ത­രം നി­ര­വ­ധി ഘട­ന­കൾ കവി­ത­കൾ­ക്ക് സാ­ധ്യ­മാ­ണ്. ഓരോ കവിത വാ­യി­ക്കു­മ്പോ­ഴും അതിൽ എന്താ­ണ് കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കി­യ­ത് എന്ന് ആലോ­ചി­ക്കു­ന്ന­തി­നൊ­പ്പം എങ്ങ­നെ­യാ­ണ് കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­യി­രി­ക്കു­ന്ന­ത് എന്ന ആലോ­ചന ഉണ്ടാ­കു­ന്നി­ട­ത്താ­ണ് അതിന്റെ ഘട­ന­യെ­പ്പ­റ്റി ചി­ന്തി­ക്കേ­ണ്ടി വരു­ന്ന­ത്. ഘട­ന­യെ ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണ് കവി താൻ പങ്കു­വെ­ക്കു­ന്ന കാ­ര്യ­ത്തെ വാ­യ­ന­ക്കാ­ര­ന് അനു­ഭ­വ­പ്പെ­ടു­ത്തി കൊ­ടു­ക്കു­ന്ന­ത്. ആശ­യ­ങ്ങ­ളു­ടെ കൈ­മാ­റ്റം വ്യ­വ­ഹാ­ര­ഭാ­ഷ­യി­ലൂ­ടെ സാ­ധി­ക്കു­മെ­ന്നി­രി­ക്കെ അതേ ആശ­യ­ങ്ങ­ളെ വാ­യ­ന­ക്കാ­ര­നു കാ­വ്യാ­നു­ഭ­വ­മാ­യി ലഭി­ക്ക­ണ­മെ­ങ്കിൽ കവി­ത­യു­ടെ ഘട­ന­യ്ക്ക് വലിയ പങ്കു­വ­ഹി­ക്കാ­നു­ണ്ട്.