ഒരു വസ്തുവിനെ അത് എന്തിനാണോ ഉപയോഗിക്കുന്നത് അതിന്റെ അടിസ്ഥാനത്തിൽ നിർവ്വചിക്കുന്നതാണ് പൊതുരീതി. അങ്ങനെയെങ്കിൽ ഭൂമിയിൽ മനുഷ്യർ ഉപയോഗിക്കുന്ന മൺപാത്രം ചന്ദ്രനിൽ കൊണ്ടിട്ടാൽ അവിടെയത് ഉപയോഗിക്കാൻ ആളില്ലാത്തതിനാൽ വെറും മൺകട്ടയായിരിക്കില്ലേ എന്നത് വളരെ പഴക്കംച്ചെന്നൊരു ആശയക്കുഴപ്പമാണ്. കലയും ഇത്തരത്തിൽ അത് നിർവ്വഹിക്കുന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിർവ്വചിക്കാവുന്നതാണ്, ആസ്വാദകരുമായി അതെങ്ങനെ സംവദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ. ഇങ്ങനെ ചിന്തിച്ചാൽ കവിത അതിന്റെ വായനക്കാരനുമായി സംവദിക്കുന്നില്ലെങ്കിൽ പരാജയപ്പെടുന്നു എന്നുവരും. പക്ഷേ ഈ പരാജയം എപ്പോഴും കവിതയുടെ പ്രശ്നം കൊണ്ടാകണം എന്നില്ല, മറിച്ച് വായനക്കാരന്റെ പോരായ്മ കൊണ്ടുമാകാം. ഫ്രഞ്ച് സിംബോളിസ്റ്റുകളിൽ പലരും കവിതയെ തെളിഞ്ഞുകത്തുന്ന ഒരു വെട്ടമായി കരുതി. വായനക്കാരൻ മനസ്സിലാക്കേണ്ടതായിട്ടോ മനസ്സിലാക്കുന്നതായിട്ടോ കവിതയിൽ ഒന്നുമില്ലെന്ന് അവർ വാദിച്ചു. കവിതയെ ഒരു തീ ആയി കരുതാമെങ്കിൽ അതിന്റെ ചൂടേൽക്കാൻ വന്നുനിൽക്കുന്ന ആളുകൾ മാത്രമാണ് ഇവരെ സംബന്ധിച്ച് വായനക്കാർ. കവി വായനക്കാരോട് സംസാരിക്കുകയല്ല; വായനക്കാർ കവിയെ ഒളിച്ചുനിന്ന് കേൾക്കുകയാണ്. ഇതിനു വിരുദ്ധമായ കാഴ്ചപ്പാട് വെച്ചു പുലർത്തുന്ന കവികളുമുണ്ട്. വായനക്കാരൻ വെറും കാഴ്ചക്കാരൻ മാത്രമല്ലെന്നും കവിതയെ കവിതയാക്കുന്നതിൽ കൃത്യമായ പങ്കുവഹിക്കുന്നവർ ആണെന്നും ഈ കൂട്ടർ വാദിക്കുന്നു. ആശയപരമായി രണ്ടറ്റങ്ങളിൽ നിൽക്കുന്ന ഈ രണ്ട് കാഴ്ചപ്പാടുകളെയും നമുക്ക് പാടേ അവഗണിക്കാൻ പറ്റില്ല. ആദ്യത്തെ കൂട്ടർ കവിതയെ കവിതയാക്കുന്ന ഉത്തരവാദിത്വം കവിതയ്ക്ക് തന്നെ നൽകി. എന്നാൽ കവിതയെ കവിതയായി അനുഭവിക്കുന്നതിൽ വായനക്കാരനും ഉത്തരവാദിത്വം ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നിഷ്ക്രിയനായ ആസ്വാദകനെ അല്ല കവിതയെപ്പോലൊരു കല ആവശ്യപ്പെടുന്നത്.
കവിതയും വായനക്കാരനും തമ്മിലുള്ള ബന്ധം ദൃഢമാക്കി കാവ്യാനുഭവം സാധ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സാദൃശ്യത്തിൽ അധിഷ്ഠിതമായ അലങ്കാരങ്ങളാണ്. ഉപമ, ഉൽപ്രേക്ഷ, രൂപകം, പ്രതീപം, ദൃഷ്ടാന്തം തുടങ്ങിയവ. സമാനമായ മറ്റൊന്നുമായി തുലനം ചെയ്തു നോക്കിയാണ് നാം എല്ലാത്തിന്റെയും മേന്മയും പ്രത്യേകതയും തിരിച്ചറിയുന്നത് എന്നു പറയുന്നത് പോലെ താരതമ്യത്തിലൂടെയും കൂടിയാണ് കാവ്യാനുഭവം സൃഷ്ടിക്കപ്പെടുന്നത്. ഈ പ്രക്രിയ നടക്കുന്നത് വായനക്കാരനിലും. കവിതയ്ക്കുള്ളിലെ ലോകത്തെ വായനക്കാരൻ ഉൾക്കൊള്ളുന്നത് തന്റെ ഓർമ്മയെ (അനുഭവങ്ങളെ) ഉപയോഗപ്പെടുത്തുന്നത് വഴിയാണ്. കവിതയിലെ ഒരു വസ്തു വായനക്കാരനിൽ അതുമായി ചേർന്നു നിൽക്കുന്ന ഓർമ്മയെ ഉണർത്തുന്നു. ഓർമ്മ അതുമായി ചേർന്നു നിൽക്കുന്ന വികാരത്തെയും. ഇതേ ഓർമ്മയുടെ അടിത്തറയിൽ നിന്നുകൊണ്ടാണ് അയാളിലെ ഭാവന ഉണരുന്നതും.
ഭാഷാനന്തര (late language) കാലത്ത് എഴുതുന്ന കവിയെ സംബന്ധിച്ചിടത്തോളം 'ഞാൻ തനിച്ചാണ്' എന്ന് എഴുതിയത് കൊണ്ട് മാത്രം വായനക്കാരനിൽ ഒറ്റപ്പെടൽ എന്ന വികാരം ഉണ്ടാകില്ല. ഭാഷയിലെ ഓരോ വാക്കും ഉപയോഗിച്ച് പഴകി അവയിൽ നിന്നും അവ ഉൽപ്പാദിപ്പിച്ചിരുന്ന വികാരം ചോർന്നുപോയിരിക്കുന്നു. ഭാഷ പുത്തനായിരുന്ന കാലത്ത് വാക്കുകളിലൂടെ തീവ്രമായി അനുഭവപ്പെട്ട വികാരങ്ങൾ ഇന്ന് പല വാക്കുകളിലും ഇല്ല. വായനക്കാരനിലും കവി അനുഭവിക്കുന്ന അതേ വികാരം അതേ തീവ്രതയിൽ എത്തണമെങ്കിൽ കവിയ്ക്ക് സാദൃശ്യലങ്കാരങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതായി വന്നിരിക്കുന്നു. യാന്നിസ് റിറ്റ്സോസ് തനിച്ചാകലിനെ ഇങ്ങനെ ആവിഷ്കരിക്കുന്നു:
ദുഃഖം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
ജനലഴികൾക്കപ്പുറം ഇലയില്ലാ ചില്ലകൾ.
ജനലരികിൽ നിങ്ങൾ തനിച്ച്.
വാതിലിൻ മുന്നിലൂടെ രാത്രി കടന്നുപോയി,
പ്രിയപ്പെട്ടവൾ വിട്ടുപോകും പോലെ— അവളുടെ
ഇടുപ്പിൽ മറ്റൊരാൾ ചുറ്റിപ്പിടിച്ചിരിക്കുന്നു.
ചന്ദ്രനോ, കെടുത്തിയ ബൾബ് പോലെ, നിശ്ചലം,
പാതയുടെ തിരുവിൽ, മരുന്നുകടയ്ക്ക് മുകളിൽ.
കവിതയിലെ ഒരു പ്രത്യേക ഭാഗത്തെ കാവ്യാത്മകമാക്കി ഉയർത്തുന്ന രീതിയിലോ കവിതയെ ഒന്നടങ്കം രൂപകമാക്കി മാറ്റുന്ന രീതിയിലോ സാദൃശ്യലങ്കാരത്തെ ഉപയോഗപ്പെടുത്താനാകുന്നു. സാദൃശ്യലങ്കാരത്തിന് എന്തിനെയെങ്കിലും വർണ്ണിക്കുക എന്നതിനപ്പുറം കൃത്യമായ ധർമ്മം കവിതയിൽ നിർവ്വഹിക്കാനുണ്ടാകണം. കേവലം വർണ്ണന മാത്രമായി ഒതുങ്ങുന്ന അലങ്കാരങ്ങൾ ഭാഷാനന്തരകാല കവിതയിൽ ഗുണത്തെക്കാൾ ദോഷം ചെയ്യും. ഉള്ളടക്കത്തോട് ചേർന്നു നിൽക്കുന്നതും കവിതയിൽ പരാമർശിക്കുന്ന അന്തരീക്ഷത്തിൽ നിന്നും കണ്ടെടുക്കുന്നതുമായ സാദൃശ്യാലങ്കാരങ്ങൾ ആണ് വായനക്കാരനിൽ കാവ്യനുഭവം ഫലപ്രദമായ രീതിയിൽ സാധ്യമാക്കുക. രൂപകങ്ങൾ എത്രത്തോളം ഫലപ്രദമാകുന്നുവെന്ന് മനസ്സിലാകാൻ അതിന്റെ മൂന്നു ഘടകങ്ങൾ തിരിച്ചറിഞ്ഞാൽ മതി: എന്തിനെക്കുറിച്ചാണോ പറഞ്ഞുവരുന്നത് അതാണ് ഉപമേയം. ഉപമേയത്തെ എന്തിനോടാണോ താരതമ്യപ്പെടുത്തുന്നത് അത് ഉപമാനം. ഇനി, താരതമ്യം ചെയ്യുന്ന രണ്ടു വസ്തുക്കളുടെ സമാനതയാണു മൂന്നാമത്തെ ഘടകം. ഈ സമാനതയുടെ സംവേദനക്ഷമതയാണ് വായനക്കാരനും കവിതയും തമ്മിലുള്ള ബന്ധത്തെ നിർണ്ണയിക്കുന്നത്. ഉപമാനം എപ്പോഴും തുറന്നുകിടക്കുന്നത് (open-ended) ആണ് നല്ലത്. രാത്രിയുടെ പോകലിനെ പ്രിയപ്പെട്ടവൾ വിട്ടുപോകുന്നത് പോലെയാണെന്ന് റിറ്റ്സോസ് ഉപമിക്കുക മാത്രമല്ല അവളുടെ ഇടുപ്പിൽ മറ്റൊരാൾ ചുറ്റിപിടിച്ചിരിക്കുന്നു എന്നുകൂടി ചേർത്തപ്പോൾ ഈ ഉപമ കാവ്യാനുഭവത്തിൽ മറ്റൊരുതരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്.
തുറന്ന ഉപമാനങ്ങൾ കവിതയ്ക്ക് നിഗൂഢ സ്വഭാവം നൽകും. ഈ നിഗൂഢത ആകട്ടെ കവിതയെ അവ്യക്തമാക്കുകയല്ല ഇനിയും വ്യക്തമാകാൻ പലതുമുണ്ടല്ലോ എന്ന തോന്നൽ അവശേഷിപ്പിക്കുകയാണ് ചെയ്യുന്നത്. അവ്യക്തത ഉണ്ടാകുക കൃത്യമായ വിവരങ്ങൾ പങ്കുവെക്കാതെ വരുമ്പോഴും ഇമേജുകൾ തമ്മിലുള്ള പരസ്പരബന്ധം വ്യക്തമാകാതെ വരുമ്പോഴും ഉപമാനവും ഉപമേയവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാതെ വിടുമ്പോഴും ഓക്കെയാണ്. അവ്യക്തതയെ നിഗൂഢതയായി തെറ്റുദ്ധരിക്കാനുള്ള സാധ്യതയും കൂടുതലാണ്. പല മോശം കവികളും കവിതയിൽ നിഗൂഢത കൊണ്ടുവരാനായി എഴുത്തിനെ മനഃപൂർവം അവ്യക്തമാക്കുന്നതും കാണാം. ഇങ്ങനെ ചെയ്യുമ്പോൾ വായിക്കുന്നയാൾക്ക് കാവ്യാനുഭവം ലഭിക്കാതെയാകും.
ഇമേജുകൾക്ക് അതായിത്തന്നെ മൂല്യമുണ്ടെന്നു വാദിച്ചവർ ആയിരുന്നു ഇമേജിസ്റ്റ് കവികളിൽ പലരും. തൊട്ടുമുമ്പുള്ള തലമുറ പ്രതിരൂപം (symbol) എന്ന് വിളിച്ചിരുന്നതിനെയാണ് ഇമേജുകൾ കൊണ്ട് ഇമേജിസ്റ്റുകൾ ലക്ഷ്യമിട്ടത്. എന്തിനെ(യൊക്കെ)യാണോ പ്രതിനിധീകരിക്കുന്നത് അതിനെപ്പറ്റി സൂചനകളൊന്നും നൽകാതെ എഴുതിയതിനാൽ ഇവരുടെ കവിതകൾ വായനക്കാരുമായി സംവദിക്കുന്നതിൽ പരാജയപ്പെട്ടു. എന്തിനോടൊക്കെയാണോ താരതമ്യം ചെയ്യാനാകുന്നത് അതിനോട് ചേർത്ത് വെച്ച് നടത്തുന്ന ആലോചനയാണ് വായനക്കാരിൽ കാവ്യാനുഭവം സൃഷ്ടിക്കുന്നത് എന്ന കാര്യത്തിന് ഇരുധാരയിൽപ്പെട്ട പല കവികളും പ്രാധാന്യം നൽകിയില്ല. ഒരു പ്രത്യേക കാര്യത്തെ ആവിഷ്കരിക്കുന്നതിനായി അതിനോട് ചേർന്നുനിൽക്കുന്ന പ്രതിരൂപത്തെ കണ്ടെത്തുകയും എന്നാൽ കവിതയിൽ നിന്നും എന്തിനെയാണോ ആവിഷ്കരിച്ചത് അതിലേക്ക് നയിക്കുന്ന സൂചനകൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ വായനക്കാരന് പലപ്പോഴും കവിതയിലേക്കുള്ള പ്രവേശനം അസാധ്യമാകും. പ്രതിരൂപത്തിൽ കവി ഉദ്ദേശിച്ചതല്ലാത്ത മറ്റൊന്നും വായനക്കാരനു കണ്ടെടുക്കാൻ സാധിക്കാതെയും വരാം. ഒരു പ്രത്യേക വസ്തുവിനെ കുറിച്ചുള്ള വിവരണം, നമ്മളിൽ അവയോട് ചേർന്നുനിൽക്കുന്ന വികാരങ്ങളെ ഉണർത്തുമെന്ന ടി. എസ്. എലിയറ്റിന്റെ നിരീക്ഷണത്തെ കൂട്ടുപിടിച്ച് ഇത്തരം കവിതകൾ പാഴല്ലെന്നു സമർത്ഥിക്കാമെന്നുമാത്രം.
കുമാരാനാശാന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും കവിതകളിൽ സിംബോളിക് സ്വഭാവം പ്രകടമാണെങ്കിലും ഫ്രെഞ്ച് സിംബോളിക് കവികളിൽ കാണുന്ന ദുര്‍ഗ്രഹത ഇവരിൽ ഇല്ലായിരുന്നു. മനസ്സിന്റെ വസ്തുനിഷ്ഠവും പ്രാതിനിധ്യാത്മകവും ബുദ്ധിപരവുമായ ഉള്ളടക്കങ്ങളെക്കാൾ അതിന്റെ അവസ്ഥകളെ വ്യജ്ഞിപ്പിക്കുവാനുള്ള ശ്രമമായിരുന്നു ഫ്രെഞ്ച് സിംബോളിക് കവികളുടേത്. മാനസികാനുഭൂതികളെ ആവിഷ്കരിക്കാനുപയോഗിക്കുന്ന പ്രതിരൂപങ്ങള്‍ ദുര്ഗ്രഹങ്ങളായതിനാലാണ് ഫ്രെഞ്ച് സിംബോളിക് കവിതകൾ പലതും കാവ്യാസ്വാദനത്തിൽ പ്രയാസം നേരിട്ടത്. എന്നാൽ ജി. ശങ്കരക്കുറുപ്പിൽ അങ്ങനെയുള്ള തടസ്സം വായനക്കാരൻ നേരിടാനിടയില്ല. അദ്ദേഹം ഇതേപ്പറ്റി പറയുന്നത് ഇങ്ങനെ: “പ്രതിരൂപങ്ങളില്കൂടിയാണ് പ്രകൃതിയില്‍ നിലീനമായ ജീവിതത്തിന്റെ ഐക്യത്തെ അനുഭവപ്പെടുത്തുവാനും അതിന്റെ സൗന്ദര്യത്തെ വ്യാഖ്യാനിക്കുവാനും അതില്‍ ലയിച്ചു ചിലപ്പോഴെങ്കിലും പ്രത്യേക സത്ത മറക്കുവാനും ഞാന്‍ ശീലിച്ചത്. അവ എന്റെ ഭാഷയും ഞാന്‍ അവയുടെ അര്‍ത്ഥവും; എന്റെ കല, അതെത്ര അപൂര്‍ണ്ണമായാലും-അവയുടെ വ്യാഖ്യാനവും ആയിത്തീര്ന്നുപോയി. ഇതാണ് പരമാര്‍ത്ഥം. നീറിപ്പിടിക്കാവുന്ന ഉമിയില്‍ അഗ്നിസ്ഫുലിംഗത്തിന് പിടികിട്ടിയാല്‍ അത് പരിപൂര്‍ണ്ണമായി എരിയുന്നതുവരെ കെട്ടുപോവുകയില്ല. ചാരത്താല്‍ മറഞ്ഞുപോയാലും അതിന്റെ ഊഷ്മവ്യാപാരം തുടര്‍ന്നുകൊണ്ടിരിക്കും. വികാരോദ്ദീപത്മായ ഒരനുഭൂതി ആകസ്മികമായി ദര്‍ശിക്കുന്ന ഒരു പ്രതിരൂപത്തില്‍ ആളിപ്പിടിച്ചാല്‍, അതു മുഴുവനും വ്യാപിക്കുന്ന മറ്റു ചിന്തകള്‍ ഉയര്‍ന്നുവന്നാലും ഈ വ്യാപാരം അപ്രത്യക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കും; ഒടുവില്‍ കലാരൂപമായ ഉജ്ജ്വല നാളത്തെ ഉല്പാദിപ്പിച്ച് വിശ്രമിക്കുകയും ചെയ്യും. സൂക്ഷമായ ഒരു സാദൃസ്യബോധം മാത്രമാണ് ഹൃദയാനുഭൂതിയേയും പ്രതിരൂപത്തേയും ആദ്യം തമ്മിലിണക്കുന്നത്. പിന്നെ കലാകാരന്റെ ഉദ്ഗ്രഥനാത്മികയായ ഭാവന അതിനെ ഊതിക്കത്തിക്കുന്നു; സാദൃശ്യബോധം ആളിപ്പടര്ന്നുപിടിക്കുന്നു. മാനസികാനുഭൂതികളെ ആവിഷ്കരിക്കുവാന്‍ ഞാന്‍ പ്രതിരൂപങ്ങളെ അന്വേഷിക്കുകയല്ല പതിവ്. പ്രതിരൂപങ്ങള്‍ ഹൃദയാന്ത:പുരത്തില്‍ മയങ്ങിക്കിടക്കുന്ന അനുഭാവങ്ങളെ കുലുക്കിവിളിക്കുകയും മയങ്ങിക്കിടക്കുന്ന അനുഭവങ്ങലെ കുലുക്കിവിളിക്കുകയും ഉണര്‍ത്തുകയുമാണ് മിക്കപ്പോഴും സംഭവിക്കാറ്…”
സിംബോളിക് സ്വഭാവം കവിതയ്ക്ക് അടിസ്ഥാനപരമായി ഉള്ളതാണെന്നതാണ് യാഥാർത്ഥ്യം. ആ സ്വഭാവത്തെ മുൻനിർത്തിയാണ് മറ്റെന്തോ കൂടി ഈ കവിത പറയുന്നുണ്ടല്ലോ എന്ന അന്വേഷണത്തിനു ഓരോ വായനക്കാരനും മുതിരുന്നത്. അതേസമയം രൂപകാത്മകമായ (metaphorical) ആവിഷ്കാരങ്ങളാണ് കൂടുതൽ കാവ്യാത്മകമാകാൻ ഇടയുള്ളത്. സിംബോളിക്കൽ ആകുമ്പോൾ അവ നിയതമായ ഒരു അർത്ഥത്തെ കുറിക്കുമെന്നും രൂപകപരമാകുമ്പോൾ അവ ബിംബാത്മകമായ സ്വഭാവം കൈവരിക്കുകയും, എന്തിനെയാണോ പ്രതിനിധീകരിക്കുന്നത് അതിന്റെ സവിശേഷതകൾ കൈയ്യാളുമെങ്കിലും - പ്രതിരൂപങ്ങളിൽ നിന്നും വ്യത്യസ്തമായി - ബിംബങ്ങൾ നിയതമായ ഒരു അർത്ഥത്തിലോ വ്യാഖ്യാനത്തിലോ ഒതുങ്ങില്ല എന്നും ആന്ദ്രേ താർക്കോവ്സ്കി പറയുന്നു. ഇതേ കാരണങ്ങൾ കൊണ്ടാണ് ‘കിഴവനും കടലും’ എന്ന തന്റെ വിഖ്യാത രചനയെ അധ്യാപകർ അടക്കമുള്ളവർ സൂചകങ്ങളെ മുൻനിർത്തി വിലയിരുത്തുന്നത് ഏണെസ്റ്റ് ഹെമിംഗ്വേ എതിർത്തത്. മീനും കിഴവനും ബോട്ടും അതായിനിൽക്കുന്നതെന്തോ അതല്ല അവ മറ്റു ചിലതിന്റെ പ്രതിരൂപങ്ങൾ ആണെന്ന വാദങ്ങൾ യഥാർത്ഥത്തിൽ പലതരം വായനയ്ക്ക് തടസ്സമാകുന്നതാണ്. വെള്ളരിപ്രാവ് സമാധാനത്തെയും കറുത്ത പതാക ദുഃഖത്തെയും സൂചിപ്പിക്കുന്നു എന്ന് പറയുംപോലെ സ്ഥാപിക്കുന്നതോ സ്ഥാപിക്കാൻ ആകുന്നതോ ആകരുത് കാവ്യാത്മകമായ കലകളിൽ പ്രതിരൂപങ്ങൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ ചിഹ്നങ്ങളുടെ സ്വഭാവമല്ല പ്രതിരൂപങ്ങൾക്ക് കവിതയിൽ ഉണ്ടാകേണ്ടത്. ചിഹ്നങ്ങൾ എല്ലാ മനുഷ്യരുമായും ഒരേ കാര്യമാണ് വിനിമയം ചെയ്യേണ്ടത്. എന്നാൽ കവിതയിലേക്ക് വരുമ്പോൾ സാദൃശ്യത്തിൽ അധിഷ്ഠിതമായ അലങ്കാരങ്ങളായാലും പ്രതിരൂപങ്ങളായാലും പലതരം വ്യാഖ്യാനത്തിനുള്ള സാധ്യതകൾ മുന്നോട്ട് വെക്കുന്നതും അതിനു ആവശ്യമായ യുക്തി കൈയ്യാളുന്നതുമാണ് നല്ലത്.