സുജീഷിൻ്റെ കവിതകൾ

വെയിൽ


ഇല്ല, കുടിച്ചിരിക്കില്ല
വെയിൽ കുടിച്ചിടത്തോളം
വെള്ളമാരും.

ഈർപ്പത്തെ മാത്രം വലിച്ചെടുത്ത്
വിയർപ്പിന്റെ ഉപ്പിനെ,
കണ്ണീർപ്പാടുകളെ,
രക്തക്കറയെ ഉപേക്ഷിച്ച്
വരൾച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയിൽ.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാതെ വെയിൽ
മറുലോകം തേടിപ്പോകുന്നു;
ഇവിടം ഇരുളിലാകുന്നു.

മഴക്കാലരാത്രി


കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയവഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.

മേൽക്കൂര


തെളിഞ്ഞ വാനം
വിട്ടുതന്നിടത്തേക്ക്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
മേഘങ്ങൾ.

കാലത്തപ്പുറത്തും
വൈകീട്ടിപ്പുറത്തും
നിഴൽ വിരിച്ചുയർന്ന്
നിൽക്കുന്നുണ്ട്
അതിരുകൾ.

മേഘങ്ങളെ
താങ്ങിനിർത്തിയോ
തടഞ്ഞുനിർത്തിയോ
ചുവരുകളാകാനാകാതെ
അതിരുകൾനിൽക്കേ—

മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും കൊണ്ട്
വീടുകൾ.

വഴിയേ


വിത്തുപിളർത്തി ഇല
ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.

ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.

അഴിമുഖം


എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ.

മലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.

പരുക്കൻപാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.

എല്ലാം മഴയിൽകഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ

പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.

അതിന്റെ രുചി എന്റെ നാവിന്നറിയും.

നിഴലുകൾ


അസ്തമയസൂര്യനുനേരെ
ഒരുകൂട്ടമാളുകൾ
നിഴലും വലിച്ചു നടന്നുനീങ്ങി,

അവർക്കു പുറകെപോയ
പകലിന്റെ നിഴലിൽ
ഈ നാടിപ്പോൾ,

നാലുപാടുനിന്നും വെട്ടംവിതറും
രാത്തെരുവിൻ നടുവിൽ ഞാൻ നിന്നു;
വെളിച്ചത്താൽ നേർത്ത എന്റെ നിഴൽ
നാലുദിക്കിലേക്കും വീണു.

തെരുവുതിരക്കിൽ നിന്നകന്ന്,
വഴിവിളക്കിൻ കീഴെ
തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ
കിടന്നുറങ്ങുന്നുണ്ടൊരാൾ.

ഉറക്കംവിട്ടയാൾ ഉണരുംനേരം,
ഇരുട്ടു തൂത്തുവാരിയെത്തും
വെയിലിനെ പേടിച്ച്,
ഇക്കാണുന്നവയെയെല്ലാം
മറയാക്കിയൊളിക്കും നിഴലുകൾ.

ശേഷം


ഒറ്റയ്ക്ക് കഴിഞ്ഞൊരാൾ
മരിച്ചതിൽപ്പിന്നെ
ഒഴിഞ്ഞുകിടക്കും വീട്,

തുറന്നുകിടക്കും ജനൽ
കടത്തിവിടും വെയിൽ
വരച്ചിടുകയാണു അകച്ചുവരിൽ
വരുംവഴി മുന്നിൽപ്പെട്ട
ഇലയില്ലാചില്ലതൻ നിഴൽ

കാറ്റേറും നേരങ്ങളിൽ
വീടുമായി പറന്നുയരാൻ നോക്കും
ചിറകടിയുമായി ജനൽപ്പാളികൾ.

നിശബ്ദത തിങ്ങും മുറിക്കുള്ളിൽ
പൊടിപുതച്ചുറങ്ങും പുസ്തകങ്ങളിൽ
ഒച്ചയാകാനാവാതെ വാക്കുകൾ.

മജീഷ്യന്റെ കറുത്ത തൂവാല കണക്കെ
രാത്രി ലോകത്തെ മൂടുമ്പോൾ
ഇരുട്ടിൽ തുറന്ന കണ്ണായ്
തുറന്നുകിടക്കും ജനൽ,

അടച്ചിടുന്നതാരതിൻ
പാളികൾ— അയാളുടെ
കൺപോളകളെന്ന പോലെ.

യാതൊന്നും ചെയ്യാനില്ലാതെ


ഏറെനിലകളുള്ളൊരു ഫ്ലാറ്റിൽ
ഏതോനിലയിലൊരുമുറിയിൽ
ഏറെക്കാലമായൊരേ
പുസ്തകം വായിച്ചുകിടക്കും
വൃദ്ധനുറങ്ങിപ്പോകുന്നു.

ഉറക്കമുണരുമ്പോളെന്തോരം
വായിച്ചെന്നോർക്കാനാവാതെ
വീണ്ടും വായിച്ചുതുടങ്ങുന്നു.

ചിലനേരങ്ങളിലയാൾ
ചില്ലുജാലകത്തിലൂടെ
പുറത്തേക്കു നോക്കിനിൽക്കും.
ദൂരെ മൊട്ടക്കുന്നിനുച്ചിയിൽ
മെയ്മാസം കൈവിട്ട
മരത്തിലിലയില്ലായ്മ
പരിഹരിക്കാനെന്നോളം
ചില്ലകളിൽ ചേക്കേറുന്ന
മേഘങ്ങൾ കാണും

പോകപ്പോകെ നോട്ടം
ജാലകച്ചില്ലിൽ തന്നെയാകും
നോക്കിനോക്കിനിൽക്കേ
ജാലകച്ചില്ലിൽ
തന്നെത്തന്നെ കണ്ടുമുട്ടും.

കമിതാക്കളെഴുന്നേറ്റു പോകെ
ചുളിഞ്ഞു കിടക്കും
കിടക്കവിരി പോലെ
ചുക്കിച്ചുളിഞ്ഞ മുഖം കാണേ
എത്രയെത്ര പെണ്ണുങ്ങൾ
ചുംബിച്ചതാണീ മുഖത്തന്നോർത്ത്
പല്ലില്ലാമോണകാട്ടി ചിരിക്കും.

ഇല്ലാത്തൊരാൾ


അന്ന്, കളി കഴിഞ്ഞ്,
നീ തൊലി ചെത്തിത്തന്ന
ആപ്പിൾ കഴിച്ചുകൊണ്ട്
ഞാൻ വായിക്കാനിരുന്നു.

കുളി കഴിഞ്ഞ്,
ടവ്വൽ ചുറ്റിക്കൊണ്ട്
നീ എനിക്കരികിലൂടെ പോയി
കണ്ണാടിക്ക് മുന്നിൽനിന്നു.

ടവ്വലഴിച്ചിട്ട്, മുലകളുടെ മേൽ
എന്റെ കടികൊണ്ടുണ്ടായ
ചുവപ്പിൽ തൊട്ടും തലോടിയും
നോക്കാൻ തുടങ്ങി,

ഞാൻ നിന്നെ ശ്രദ്ധിക്കുന്നെന്ന്
കണ്ണാടിയിൽക്കണ്ട ഉടനെ
നീ കൈ പൊത്തി മറച്ചു —
മുലകളല്ല— മുഖം.

ഇന്നിപ്പോൾ, കുളി കഴിഞ്ഞ് നീ
നൂൽബന്ധമില്ലാതെ വീടിനുള്ളിൽ
അങ്ങോളമിങ്ങോളം നടക്കുന്നു,
ഞാനൊരാൾ ഇവിടെ
ഇല്ലാത്തതുപോലെ.

അല്ലാ, ഇനി ശരിക്കും ഞാൻ
ഇവിടെ ഇല്ലെന്നുണ്ടോ, അതോ
ഇല്ലാത്തത് നീയാകുമോ?

കാറ്റിനോട്


ജനലരികിൽ തുറന്നുവെച്ച
ചരിത്രപുസ്തകത്തിന്റെ താളുകൾ
മറിക്കുന്ന കാറ്റേ,
നീ ആരുടെ വായനയാകാം?

പട്ടങ്ങളെ പതാകകളെ
പറപ്പിക്കും
നിന്റെ ചരടിൻതുമ്പ്
ആരുടെ കൈയ്യിലാകാം?

കാടും നാടും കത്തിയ ചാരം
കോരിയെടുത്ത് വിതറുന്ന നീ
വിതയ്ക്കുന്നത്
എന്തിന്റെ വിത്താകാം?
ഇലയനക്കി കർട്ടനിളക്കി
ഞങ്ങൾക്ക് ചുറ്റുമിപ്പോൾ പതുങ്ങുന്ന
നിന്നിൽ ശേഷിക്കുന്ന ഗന്ധമെന്താകാം?

ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ
മരിച്ചവരെ ഓർത്ത് പറയൂ,
നിന്റെ വേഗതയേറ്റും അന്ത്യനിശ്വാസങ്ങൾ
ആരുടേതൊക്കെയാകാം?

കൂടുതൽ വായിക്കാൻ പുസ്തകം വാങ്ങൂ

കവിതാപരിഭാഷകൾ

വെയിലും നിഴലും
മറ്റു കവിതകളും

പുതിയ എഴുത്തുകൾ

കവിതകൾ

പരിഭാഷകൾ

കവികൾ

കവിതാവിഷയങ്ങൾ