മഞ്ഞുതിരും സന്ധ്യയിൽ, കാടതിരിൽ— റോബർട്ട് ഫ്രോസ്റ്റ്

റോബർട്ട് ഫ്രോസ്റ്റ്

ഈ കാട,താരുടേതെന്നെനിക്കറിഞ്ഞേക്കാം.
അയാൾക്കു വീട് ഗ്രാമത്തിലെന്നിരിക്കെ;
മഞ്ഞു പൊതിയും മരങ്ങളെ നിന്നുനോക്കും
എന്നെ അയാൾ കാണാനിടവരുന്നില്ല.

ഈയാണ്ടിലെയേറ്റവും ഇരുണ്ട സന്ധ്യയിൽ
കാടിനു,മുറഞ്ഞ തടാകത്തിനുമിടയിൽ,
കളപ്പുരയൊന്നുമില്ലാത്തിടത്തു നിന്നതിൽ
എന്റെ കുഞ്ഞൻകുതിര ആശ്ചര്യപ്പെട്ടിരിക്കും.

പിശകെന്തേലും പറ്റിയോ,യെന്നവൻ
കുടമണി കിലുക്കത്താൽ ചോദിക്കുന്നു.
വീശുമിളങ്കാറ്റും പൊഴിയുമീ മഞ്ഞുമേ
മറ്റൊരു ഒച്ചയായി കേൾക്കാനുള്ളൂ.

ഇരുണ്ടഗാധം മനോഹരം ഈ കാടെ,-
ങ്കിലും പാലിക്കാനുണ്ടേറെ വാക്കെനിക്ക്,
നാഴികയേറെ താണ്ടാനുണ്ടുറങ്ങുംമുമ്പ്
നാഴികയേറെ താണ്ടാനുണ്ടുറങ്ങുംമുമ്പ്.

“Stopping by Woods on a Snowy Evening” from 'The Poetry of Robert Frost'

റോബർട്ട് ഫ്രോസ്റ്റ് (1874-1963): അമേരിക്കൻ കവി. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ് നാല് തവണ ലഭിച്ചിട്ടുണ്ട്.