അമോസ് ഓസിന്റെ നോവലിൽ നിന്നും

അമോസ് ഓസിന്റെ നോവലിൽ നിന്നും
അരീഹ് സെൽനിക്കിന്റെ ഭാര്യ, നാ'അമ, അവളുടെ സുഹൃത്തായ തെൽമ ഗ്രാന്റിനെ കാണാൻ സാൻ ഡിയാഗോയിൽ പോയി തിരിച്ചുവരാതായിട്ട് മൂന്ന് വർഷം കഴിഞ്ഞിരുന്നു. അയാളെ ഉപേക്ഷിച്ചു പോകുകയാണെന്നു വ്യക്തമാക്കുന്ന ഒന്നുംതന്നെ അവൾ എഴുതിയിരുന്നില്ല, എങ്കിലും കുറച്ചുകാലത്തേക്ക് എന്തായാലും താൻ തിരിച്ചുവരാൻ പോകുന്നില്ലെന്ന സൂചന നൽകിയിരുന്നു. ആറുമാസങ്ങൾക്ക് ശേഷം അവൾ അയാൾക്കെഴുതി: 'ഞാനിപ്പോഴും തെൽമയ്ക്കൊപ്പം തന്നെയാണ്'. അതിനു തൊട്ടുപിന്നാലെ എഴുതി 'എനിക്കായി കാത്തിരിക്കേണ്ടതില്ല, ഇവിടെ തെൽമക്കൊപ്പം സ്റ്റുഡിയോ വീണ്ടെടുക്കുന്നതിന്റെ ജോലിയിലാണ് ഞാൻ'. മറ്റൊരു കത്തിൽ ഇങ്ങനെയെഴുതി: 'തെൽമയും ഞാനും ഒരുമിച്ച് നന്നായി പോകുന്നു, ഒരേ കർമ്മമാണ് ഞങ്ങൾക്കായുള്ളത്'. മറ്റൊരിക്കൽ ഇങ്ങനെയും: 'ഞങ്ങൾ പിരിയാൻ പാടില്ല എന്നാണു ഞങ്ങളുടെ ആത്മീയഗുരു കരുതുന്നത്. നിങ്ങൾക്ക് നല്ലതേ വരൂ. നിങ്ങൾക്ക് ദേഷ്യമൊന്നും ഇല്ലല്ലോ, അല്ലേ?'

അവരുടെ വിവാഹിതയായ മകൾ, ഹില്ല, ബോസ്റ്റണിൽ നിന്നും അയാൾക്കെഴുതി: 'ഡാഡി, ദയവുചെയ്ത് മമ്മിയെ ഒന്നിനും നിർബന്ധിക്കരുത്. എനിക്കിതേ പറയാനുള്ളൂ. നിങ്ങൾ നിങ്ങൾക്കായൊരു പുതിയ ജീവിതം കണ്ടെത്തിക്കൊള്ളുക'