ലോർണ ക്രോസിയെർ |
തീർച്ചയായും മനസ്സിൽ ഒരേ വിചാരം കൊണ്ടുനടക്കുന്ന ഒരുത്തനാണ് വജൈന എന്നു പ്രയോഗിച്ചിരിക്കുക, ലത്തീനിൽ കത്തിയുറ, ഉറയിലിടുക എന്നെല്ലാം അതിനർത്ഥം. അതിനെ എന്തുവിളിക്കണമെന്നതാണ് പ്രയാസം. വളരെ പഴയ പര്യായങ്ങൾ പോലും നീചമായ തെറിവാക്ക്. ചൈനീസിൽ നിന്നുള്ള പരിഭാഷകളിൽ നിങ്ങൾക്ക് ആശ്വസിക്കാം: കസ്തൂരിമണക്കും തലയണ, അകക്കാമ്പ്, സ്വർഗ്ഗകവാടം. സോളമൻ രാജാവ് ഹീബ്രുവിൽ പാടി "നിന്റെ തുടകൾ കൂടിച്ചേരുന്നിടം അമൂല്യവസ്തുക്കൾക്ക് സമം," പിന്നെ അദ്ദേഹം നാഭിയെ പാടിപ്പുകഴ്ത്തി, "ഒരിക്കലും വീഞ്ഞൊഴിയാത്ത വട്ടത്തിലുള്ള ചഷകം." പലപ്പോഴും ഒരു പേര് നൽകാതെ നാമതിനെ വിളിക്കുന്നു. ജോസ്ഫൈനുള്ള ഒരു കത്തിൽ, നെപ്പോളിയൻ ഇങ്ങനെ എഴുതി: "ഞാൻ നിന്റെ ഹൃദയത്തിൽ ചുംബിക്കുന്നു, പിന്നെ അൽപ്പം താഴെ. പിന്നെ അതിലുമേറെ താഴെ." അതിന് കൂടുതൽ സാമ്യം പൂച്ചയോടല്ല, പൂവിനോടാണ്, ഒക്കീഫിന്റെ കാൻവാസിൽ വിടരുന്ന, വെളിച്ചത്തിൽ കുതിർന്ന ഇതളുകൾ. അല്ലെങ്കിൽ, സ്പര്‍ശശൃംഗമില്ലാത്ത സീ അനിമോൺ, മീൻമണമില്ലാത്ത കടൽജീവി. മടക്കുകളോടു കൂടിയ ഉപ്പുരസമുള്ള പേശികൾ, പെണ്ണിന് പോലും നിഗൂഢം. ജീവിതത്തിലേക്കുള്ള കവാടം, താമരത്തോണി, ആഴമേറിയത്. അശ്ലീലതമാശകളിലൂടെയും സ്‌കൂൾകാല ശകാരങ്ങളിലൂടെയും അതിന് വായയേക്കാൾ വൃത്തിയുണ്ടെന്ന് നിങ്ങളറിയുന്നു, അതിനുള്ളിൽ നിങ്ങൾക്കൊന്നും നഷ്ടപ്പെടില്ല, അതിനാകട്ടെ പല്ല് മുളയ്ക്കുകയുമില്ല. യുദ്ധം കഴിഞ്ഞെത്തിയ നെപ്പോളിയൻ, ജോസ്ഫൈനിന്റെ താഴെ ചുംബിച്ചപ്പോൾ കൊട്ടാരത്തിന്റെ ഇടനാഴികളിലേക്കു കാഹളങ്ങൾ ഒഴുകി. വരാനിരിക്കുന്ന രാത്രിയുടെ മാധുര്യമോർത്ത് ദാസിമാർ ചിരിച്ചു. മറ്റുള്ളവർ തുടകൾ ചേർത്തുവെച്ചു, തങ്ങളുടെ കാതടപ്പിച്ചുതരണേയെന്ന് അവർ കന്യാമാറിയത്തോട് അപേക്ഷിച്ചു. ഇരട്ട ചുണ്ടുള്ള സുന്ദരി, പൂറ്.