Showing posts with label Translation. Show all posts

യോനി — ലോർണ ക്രോസിയെർ

ലോർണ ക്രോസിയെർ
ലോർണ ക്രോസിയെർ

തീർച്ചയായും മനസ്സിൽ ഒരേ വിചാരം കൊണ്ടുനടക്കുന്ന ഒരുത്തനാണ് വജൈന എന്നു പ്രയോഗിച്ചിരിക്കുക, ലത്തീനിൽ കത്തിയുറ, ഉറയിലിടുക എന്നെല്ലാം അതിനർത്ഥം. അതിനെ എന്തുവിളിക്കണമെന്നതാണ് പ്രയാസം. വളരെ പഴയ പര്യായങ്ങൾ പോലും നീചമായ തെറിവാക്ക്. ചൈനീസിൽ നിന്നുള്ള പരിഭാഷകളിൽ നിങ്ങൾക്ക് ആശ്വസിക്കാം: കസ്തൂരിമണക്കും തലയണ, അകക്കാമ്പ്, സ്വർഗ്ഗകവാടം. സോളമൻ രാജാവ് ഹീബ്രുവിൽ പാടി "നിന്റെ തുടകൾ കൂടിച്ചേരുന്നിടം അമൂല്യവസ്തുക്കൾക്ക് സമം," പിന്നെ അദ്ദേഹം നാഭിയെ പാടിപ്പുകഴ്ത്തി, "ഒരിക്കലും വീഞ്ഞൊഴിയാത്ത വട്ടത്തിലുള്ള ചഷകം." പലപ്പോഴും ഒരു പേര് നൽകാതെ നാമതിനെ വിളിക്കുന്നു. ജോസ്ഫൈനുള്ള ഒരു കത്തിൽ, നെപ്പോളിയൻ ഇങ്ങനെ എഴുതി: "ഞാൻ നിന്റെ ഹൃദയത്തിൽ ചുംബിക്കുന്നു, പിന്നെ അൽപ്പം താഴെ. പിന്നെ അതിലുമേറെ താഴെ." അതിന് കൂടുതൽ സാമ്യം പൂച്ചയോടല്ല, പൂവിനോടാണ്, ഒക്കീഫിന്റെ കാൻവാസിൽ വിടരുന്ന, വെളിച്ചത്തിൽ കുതിർന്ന ഇതളുകൾ. അല്ലെങ്കിൽ, സ്പര്‍ശശൃംഗമില്ലാത്ത സീ അനിമോൺ, മീൻമണമില്ലാത്ത കടൽജീവി. മടക്കുകളോടു കൂടിയ ഉപ്പുരസമുള്ള പേശികൾ, പെണ്ണിന് പോലും നിഗൂഢം. ജീവിതത്തിലേക്കുള്ള കവാടം, താമരത്തോണി, ആഴമേറിയത്. അശ്ലീലതമാശകളിലൂടെയും സ്‌കൂൾകാല ശകാരങ്ങളിലൂടെയും അതിന് വായയേക്കാൾ വൃത്തിയുണ്ടെന്ന് നിങ്ങളറിയുന്നു, അതിനുള്ളിൽ നിങ്ങൾക്കൊന്നും നഷ്ടപ്പെടില്ല, അതിനാകട്ടെ പല്ല് മുളയ്ക്കുകയുമില്ല. യുദ്ധം കഴിഞ്ഞെത്തിയ നെപ്പോളിയൻ, ജോസ്ഫൈനിന്റെ താഴെ ചുംബിച്ചപ്പോൾ കൊട്ടാരത്തിന്റെ ഇടനാഴികളിലേക്കു കാഹളങ്ങൾ ഒഴുകി. വരാനിരിക്കുന്ന രാത്രിയുടെ മാധുര്യമോർത്ത് ദാസിമാർ ചിരിച്ചു. മറ്റുള്ളവർ തുടകൾ ചേർത്തുവെച്ചു, തങ്ങളുടെ കാതടപ്പിച്ചുതരണേയെന്ന് അവർ കന്യാമാറിയത്തോട് അപേക്ഷിച്ചു. ഇരട്ട ചുണ്ടുള്ള സുന്ദരി, പൂറ്.

നിന്റെ നഗരം വിടുന്നു — അഘ ഷാഹിദ് അലി

അഘ ഷാഹിദ് അലി
അഘ ഷാഹിദ് അലി

നിശാബാറിൽ,
നിന്റെ നിശ്വാസം
എനിക്കു മേൽ വീണൂ

നിന്റെ ചിരിയുടെ തുമ്പിൽ
പിടിച്ചു ഞാൻ വീഴാതെ നിന്നു.

നിന്റെ വാക്കുകളിൽ മുറുകെപ്പിടിച്ച്
ഇരുണ്ട പടികൾ കയറി

അതീവശ്രദ്ധയോടെ,
നിന്റെ ഫർണിച്ചറുകൾ മരണത്തിനായി
ഒരുക്കിയിട്ടിരിക്കുകയായിരുന്നു.

നിലാവിനു മേലുരസി നീ
കത്തിക്കു മൂർച്ചകൂട്ടി,
ഉന്മാദവെള്ളി പൂശിയതിനെ മിനുക്കി.

കരുണാർദ്രയായിരുന്നു നീ,
കുടിച്ചുകുഴഞ്ഞ നാവിനാൽ കവിത ചൊല്ലി.
ഞാൻ ആലോചിച്ചു: അവസാനമായിരിക്കുന്നു!

ഇപ്പോൾ നിന്റെ ഓർമ്മയ്ക്കകത്തും പുറത്തുമായി
ഞാൻ അലഞ്ഞുതിരിയുകയാണ്,

എവിടെപ്പോയാലും നിന്നോട് മിണ്ടുന്നു.

ഞാനെന്റെ ഇല്ലായ്മയിലേക്ക് ചുരുങ്ങി
നീയോ മറ്റൊരു രാജ്യത്തുനിന്നുള്ള
അശാന്തമായ സ്വപ്നത്തിലേക്കും
അവിടത്തെ കടലിനോ മതിപ്പേറും നീലിമ

എന്റെ വിരൽത്തുമ്പിൽ, നിന്റെ ഫോൺ നമ്പർ,
വിളിക്കുകയാണ് ആ രാത്രിയെ.

അങ്ങനെ നിന്റെ നഗരം എന്നെ പിന്തുടരുന്നു
അതിന്റെ തരിവെട്ടങ്ങൾ എന്റെ കണ്ണിലൊടുങ്ങുന്നു.

അഘ ഷാഹിദ് അലി (1949 – 2001): കാശ്മീരി-അമേരിക്കൻ കവി.

വാതിൽ ― മിരൊസ്ലഫ് ഹൊളുബ്

മിരൊസ്ലഫ് ഹൊളുബ്
മിരൊസ്ലഫ് ഹൊളുബ്

പോയി വാതിൽ തുറക്കൂ.
           പുറത്തൊരു മരം
           അല്ലെങ്കിൽ കാട്,
           പൂന്തോട്ടം അതുമല്ലെങ്കിലൊരു
           മാന്ത്രികനഗര,മുണ്ടെന്നുവരാം.

പോയി വാതിൽ തുറക്കൂ.
           ഒരു നായയുടെ തിരച്ചിൽ അല്ലെങ്കിൽ
           ഒരു മുഖം നിങ്ങൾ കണ്ടെന്നുവരാം,
           അതല്ലെങ്കിൽ ഒരു കണ്ണ്,
           അതല്ലെങ്കിൽ ഒരു ചിത്രത്തിന്റെ
                                                   ചിത്രം.

പോയി വാതിൽ തുറക്കൂ.
           മൂടൽമഞ്ഞവിടെയുണ്ടെങ്കിൽ
           അത് തെളിഞ്ഞേക്കാം.

പോയി വാതിൽ തുറക്കൂ.
           ഇരുട്ടിന്റെ മിടിപ്പുമാത്രമാണെന്നായാലും
           കേവലം കാറ്റ് മാത്രമാണെന്നായാലും
           ഇനി
               ഒന്നുംതന്നെ
                              ഇല്ലെന്നായാലും
പോയി വാതിൽ തുറക്കൂ.

കുറഞ്ഞപക്ഷം
കാറ്റോട്ടമെങ്കിലും
ഉണ്ടായിരിക്കും.