മുറകാമിയുടെ 'Men Without Women' എന്ന ചെറുകഥയിൽ, നറേറ്റർ കൂടിയായ പ്രധാന കഥാപാത്രത്തോടൊപ്പം സെക്സിലേർപ്പെടുന്ന സമയങ്ങളിൽ 'A Summer Place' എന്ന പാട്ടിടുന്ന ഒരു പെൺകുട്ടിയുണ്ട്. അവൾ വിട്ടുപോയതിനു ശേഷം ആ പാട്ട് കേൾക്കുമ്പോൾ അയാൾക്ക് ലിംഗോദ്ധാരണമുണ്ടാകുന്നു. ഇതേമട്ടിൽ ചില സവിശേഷ സന്ദർഭങ്ങളിൽ നാം ആസ്വദിച്ച കലകൾ, വീണ്ടും ആസ്വദിക്കുമ്പോൾ ആ കലാനുഭവത്തിന്റെ മാത്രമല്ല, ചില മനുഷ്യരുടെയോ അനുഭവങ്ങളുടെയോ ഒക്കെ വീണ്ടെടുപ്പിലേക്ക് നയിച്ചേക്കാം. സംഗീതത്തിന്റെ കാര്യത്തിൽ ഇത് കുറേക്കൂടി നേരാണ്.
ആദം സഗായെവ്സ്‌കിയുടെ കവിതകളിൽ ആവർത്തിച്ചുവന്നതായി കണ്ടിട്ടുള്ള ഒന്നാണ് കോൺറാഡ് ഐക്കണിന്റെ 'നിന്നോടൊപ്പം കേട്ട സംഗീതം, സംഗീതത്തെയും കവിയുന്നത്' എന്ന വരി. ഈ വരിയോട് ചേർന്നുവരുന്ന അനേകം വരികളുണ്ട് സഗായെവ്സ്‌കിയിൽ. Music Heard എന്ന കവിത തുടങ്ങുന്നത് ഈ വരിയിലാണ്. Music in the Car എന്ന കവിതയിൽ 'ആ സംഗീതം നമ്മുടെ ജീവിതമായിരുന്നെന്നും നമ്മുടെ മരണമായിരുന്നു'
എന്നും പറയുന്ന സഗായെവ്സ്‌കി, Music Heard with You എന്ന കവിതയിൽ 'നിന്നോടൊത്ത് കേട്ട സംഗീതം, നമ്മോടൊത്തെന്നുമുണ്ടാകും' എന്നും ''നിന്നോടൊത്ത് കേട്ട സംഗീതം, നമ്മോടൊത്ത് ഇന്നും വളരും' എന്നും എഴുതുന്നു.
എനിക്കു സിഗററ്റ്സ് ആഫ്റ്റർ സെക്സിനെയും വഷ്ടി ബന്യനെയും ലെനാർഡ് കോഹനെയും ഒക്കെ പരിചയപ്പെടുത്തിയ കൂട്ടുകാരുണ്ട്. അവർ പങ്കുവെച്ച പാട്ടുകൾ ഇന്നും പ്രിയമെങ്കിലും ഞങ്ങൾക്കിടയിൽ മൗനം കനത്തുറഞ്ഞു നിൽക്കുകയാണ്. സഗായെവ്സ്‌കി മറ്റൊരു കവിതയിൽ എഴുതിയത് പോലെ — 'നിശ്ശബ്‌ദത ഇല്ലെങ്കിൽ സംഗീതമില്ല'.